യാത്ര പോകുന്നവർ മടങ്ങി വന്ന് കാത്തിരിക്കുന്നവർക്കായി യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്നില്ലായെങ്കിൽ, യാത്രകളൊന്നും യാത്രകളല്ല. അങ്ങനെയാണെങ്കിൽ ഞാൻ യാത്ര ചെയ്യുകയായിരുന്നില്ല - അലയുകയായിരുന്നു. നടന്നു ഞാൻ തീർത്തു കഠിന പാതകൾ. നിങ്ങളെന്നെ കാത്തിരിക്കുന്നുവോ എന്നെനിക്കറിയില്ല. ഇത് നിങ്ങളോടുള്ള എൻ്റെ യാത്രാനുഭവങ്ങളുടെ പങ്കുവെയ്ക്കലുമല്ല. ഇത് എൻ്റെ കുമ്പസാരമാണ്. - ലൂയി പാപ്പൻ ( ലൂയിസ് പീറ്റർ ) ബോംബെ മറ്റേതൊരു നഗരത്തേയും പോലെ മണിക്കൂറുകളുടെ ജോലിഭാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബോംബേക്കും കാണിക്കാൻ നിറങ്ങൾ ചാലിച്ച ചിലതുണ്ട്. പക്ഷെ ആദ്യത്തെ ഈ വരവിൽ, എൻ്റെ കണ്ണുകളെ അതിലേക്ക് ആകർഷിക്കാതെ പിടിച്ചുനിർത്തിയത് ഈ നഗരം തന്നെയാണ്, ഇവിടുത്തെ ജീവിതമാണ്. ഒരു സ്ഥലം എങ്ങനെ ഒരു നഗരമായി വളർന്നു എന്നതല്ല, ദശാബ്ദങ്ങളായി താനെങ്ങനെ ഒരു മഹാനഗരമായി തുടരുന്നു എന്ന കഥയായിരിക്കും ഈ വൃദ്ധക്ക് പറയാനുള്ളത്. ഈ നഗരം നിങ്ങളെ എത്രത്തോളം ആശ്ചര്യപ്പെടുത്തുന്നോ, അത്ര തന്നെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യും. വർഷങ്ങളുടെ അഴുക്ക് പേറുന്ന അനേകം കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങളിൽ, മുഷിഞ്ഞു മങ്ങിയ തങ്ങളുടെ ഉടയാടകളുടെ മറവിൽ ...
A Blog by and for Free Thinkers