യാത്ര പോകുന്നവർ മടങ്ങി വന്ന് കാത്തിരിക്കുന്നവർക്കായി യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്നില്ലായെങ്കിൽ, യാത്രകളൊന്നും യാത്രകളല്ല. അങ്ങനെയാണെങ്കിൽ ഞാൻ യാത്ര ചെയ്യുകയായിരുന്നില്ല - അലയുകയായിരുന്നു. നടന്നു ഞാൻ തീർത്തു കഠിന പാതകൾ.
നിങ്ങളെന്നെ കാത്തിരിക്കുന്നുവോ എന്നെനിക്കറിയില്ല. ഇത് നിങ്ങളോടുള്ള എൻ്റെ യാത്രാനുഭവങ്ങളുടെ പങ്കുവെയ്ക്കലുമല്ല.
ഇത് എൻ്റെ കുമ്പസാരമാണ്.
- ലൂയി പാപ്പൻ ( ലൂയിസ് പീറ്റർ )
ബോംബെ
വർഷങ്ങളുടെ അഴുക്ക് പേറുന്ന അനേകം കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങളിൽ, മുഷിഞ്ഞു മങ്ങിയ തങ്ങളുടെ ഉടയാടകളുടെ മറവിൽ ജീവിക്കുന്നവർ, അഴികളില്ലാത്ത പഴയ ജാലകങ്ങളിലൂടെ കാണുന്നത് നാഗരികതയുടെ പുതിയ ചായങ്ങൾ അണിയുന്ന ഈ വൃദ്ധയെയാണ്.
കഥയുടെ ചെപ്പ് തുറക്കാൻ ഇത്തവണയില്ല, നീയൊരു പരകായപ്രവേശം നേടും മുമ്പ് തീർച്ചയായും ഞാൻ ഇനിയും വരും.
എന്നെ മറക്കാതിരിക്കുക.
നഗരമേ, നിന്നിലൂടെ നടന്നൊരെൻ കാൽപാടുകളാവട്ടെ ഇനിയൊരു കാഴ്ചയിൽ നമുക്കാമുഖം.
---
കാഴ്ചകൾ പോലെ തന്നെ ചുറ്റുപാടിൻ്റെ സങ്കീർണ്ണതകൾ മുഴുവൻ ഉൾകൊള്ളുന്ന ശബ്ദങ്ങൾ.
ബോംബെ നഗരത്തിൻ്റെ ഹൃദയം എന്ന് തന്നെ പറയാവുന്ന, എന്നും ഈ നഗരത്തെ കുറിച്ചു മനസ്സിൽ വരച്ച ചിത്രങ്ങളുടെ മേൽ നിഴലായി കിടന്നിരുന്ന ധാരാവി.
ആട്ടിയോടിക്കാൻ തുനിഞ്ഞ ഈ ചാര നഗരം, മൂന്നാം നാൾ എന്നെ പുൽകാൻ ശ്രമിക്കുന്നു.
എന്നെങ്കിലും വീണ്ടും കണ്ടുമുട്ടാം എന്ന വാക്കു നൽകി പുതിയ ദേശങ്ങളുടെ വിളികൾക്ക് കാതോർത്ത് ഞാൻ യാത്രയാവുന്നു.
ഔറംഗബാദ്
പതിറ്റാണ്ടുകളുടെ നയതന്ത്രജ്ത കണ്ട തിളക്കം ഇവിടെ തങ്ങി നിൽക്കുന്ന പൊടിക്കാറ്റ് എത്ര ശ്രമിച്ചാലും ഈ കണ്ണുകളിൽ നിന്ന് ഒളിക്കാനാവില്ല. അത് എൻ്റേത് പോൽ നിൻ്റെ മുടിച്ചുരുളുകളിലും ജട പിടിപ്പിച്ചേക്കാം, രാവുകളിൽ നക്ഷത്രങ്ങളെ നിന്നിൽ നിന്ന് മറച്ചേക്കാം. നിൻ്റെ കോട്ടവാതിലുകൾക്ക് വശത്തുകൂടി പുതിയ വഴികൾ വെട്ടി പലതും വന്നു, ഇനിയും വന്നേക്കാം. വന്നവരേയും, പോയവരേയും നിന്നവരേയും എല്ലാം ഉൾകൊണ്ട് നീ ഇന്നും തുടരുന്നു.
---
നീണ്ടു കിടക്കുന്ന കുന്നിൻ ചെരുവുകളിൽ നീ ചാലിച്ചു ചേർത്ത പച്ചയുടെയും, സ്വർണ്ണ നിറത്തിൻ്റെയും അനേകായിരം നിറഭേദങ്ങൾ. അവയിൽ കൂട്ടം ചേർന്നും അല്ലാതെയും നൂറുകണക്കിന് കന്നുകാലികൾ. താഴെ നിനക്കായി അവർ നെയ്ത ഒരു പട്ടാണി ചേല കണക്കെ പല വർണ്ണത്തിൽ ഉർവ്വരഭൂമി. നിൻ്റെ അശ്രുമുത്തുകളിൽ ദാഹം തീർക്കുന്ന ഗോക്കളും, കുട്ടികളും. നിൻ്റെ നെറ്റിത്തടത്തിലെ വലിയ കുങ്കുമപ്പൊട്ടായി അസ്തമയ സൂര്യൻ. നിൻ്റെ ചിത്രത്തിലെ ഛായാരൂപങ്ങളായി അങ്ങിങ്ങ് ഇലകൾ പൊഴിച്ചു നിൽക്കുന്നു മരങ്ങൾ. വിടപറയാൻ തിരിഞ്ഞ എന്നെ, കിളിവാതിലിൽ നിന്ന് പാളി നോക്കി നീ ഇനിയും നിൻ്റെ ദന്തപ്പലകയിൽ ചായങ്ങൾ ചാലിക്കുന്നു.
---
എല്ലോറ
അവർണ്ണനീയം.
വീരാരാധനയുടെ ഈ മണ്ണിൽ, യന്ത്രവത്കൃതമായ ഈ കാലത്തിൽ, നീ ഒരു ഓർമ്മക്കുറിപ്പാണ്. സ്വത്വത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമാണ്. മറയ്ക്കപ്പെടാൻ, മറക്കപ്പെടാൻ തയ്യാറാവാത്ത ഇച്ഛാശക്തിയാണ്.
പുണെ
ഇന്നലെകളിലെന്നോ പിണങ്ങിപ്പിരിഞ്ഞ് പോയ തോഴനെ തിരിച്ചുകിട്ടിയത് പോലെ ഈ നഗരം അതിൻ്റെ കയ്യിൽ എൻ്റെ കൈ ചേർത്ത് ഇവിടമാകെ ഓടിനടക്കുന്നു. ഈ വഴികൾ, മനുഷ്യർ, അവരുടെ രീതികൾ - ഇവിടവും, ഇവളും എനിക്ക് വളരെ സുപരിചിമായി തോന്നുന്നു. ഇനിയുള്ള മണിക്കൂറുകളിൽ ഏതു ജന്മത്തിൽ കാലം നമ്മെ ഇതിനു മുമ്പ് കൂട്ടിമുട്ടിച്ചിരുന്നു എന്ന് നാം കണ്ടെത്തുമായിരിക്കാം, ഇല്ലെങ്കിലൊരുപക്ഷെ മുഖവുരകൾക്ക് കാത്തുനിൽക്കാത്ത ഒരു സൗഹൃദം നമ്മൾ ഇവിടെ തുടങ്ങുമായിരിക്കാം.
---
പൊട്ടിവീണ മുത്തുമാലയിലെ മണികൾ പോലെ ജനം പലയിടത്തുനിന്നും ഒഴുകിയെത്തുന്ന ഒരു ദിനം. ആറ് ദിവസത്തെ ദൈന്യം തീർക്കാൻ അവർ തേടുന്ന വിമുക്തികൾ. മണിക്കൂറുകൾ ദുരിതയാത്ര ചെയ്തും നിമിനേരത്തിൻ്റെ ആശ്വാസങ്ങൾക്കായി അവർ കാണിക്കുന്ന വെമ്പലുകൾ. അതിനൊത്ത നടുവിൽ ഇവയെല്ലാം അനുഭവിക്കാൻ എന്നെ വിട്ട് പുരുഷാരത്തിന് നടുവിൽ അവൾ മറഞ്ഞു. ഭയം തോന്നിയില്ല, എവിടെയോ പരിചിതമാണ് ഇതും. ജനസാഗരത്തിനിടയിൽ മറഞ്ഞുനിന്ന് സ്വന്തം കുപ്പിവള കൈകളോ, ഉത്തരീയത്തുമ്പോ കാണിച്ച് എന്നെ ഇവൾ ഇതിലൂടെ നയിക്കുന്നു.
---
ആട്ടം കഴിഞ്ഞ് വേഷം അഴിച്ച പോലെ നീയിന്ന് മാറിയിരിക്കുന്നു. യാത്ര പറയാൻ കാത്തുനിൽക്കാതെ പോവാൻ തുനിഞ്ഞതായിരുന്നു. നിൻ്റെ പിൻവിളിക്ക് കാതോർക്കാതെ, നെറുകയിൽ നിന്ന് നിൻ്റെ വൈശിഷ്‌ട്യം കാണാതെ, നിന്നിലെ രുചികളെ തേടാതെ പോയിരുന്നെങ്കിൽ !
നീയൊരു ചെറുത്തുനിൽപ്പാണ്, മറ്റ് പലരെയും പോൽ വികൃതയാക്കാൻ നിന്നുകൊടുക്കാതെ, നീയായി തുടരാനുള്ള ചെറുത്തുനിൽപ്പ്.
---
വിട പറയുകയാണ് സഖി നിന്നോട്. കാലം നമ്മെ വീണ്ടും കൂട്ടിമുട്ടിക്കും വരെ മാത്രം. ഇനി എങ്ങോട്ട് എന്നൊരു ചോദ്യം ബാക്കി. പോകുന്നു സ്ട്രോബെറികളും മൾബെറികളും തേടി മഹാബലേശ്വറിലേക്ക്.
മഹാബലേശ്വർ
തപസ്സിരുന്ന ബ്രഹ്മമഹർഷി നൽകിയ വരമോ, അതോ വർഷത്തിൻ്റെ പാതിയോളം സൂര്യദേവനോടുള്ള നിൻ്റെ പിണക്കമോ നിന്നെ ഇന്നും ഒരു ബാലികയായി കാത്തുസൂക്ഷിക്കുന്നു ! കാരാഗൃഹത്തിൽ നിന്നും, വേനൽക്കാലവസതിയായും, പിന്നീട് ഇന്ന് കാണുന്ന രൂപത്തിലോട്ടും പരിണാമങ്ങൾ എത്ര നീ പിന്നിട്ടു. അതൊന്നും നിന്നിലെ കുട്ടിത്തം മാറ്റുന്നില്ല. നീ ഇന്നും ഇതിലെ, കാണികൾക്ക് കൗതുകമായി ഓടിക്കളിക്കുന്നു. നിന്നിലെ താഴ്‌വരകളും, നദികളും, വനങ്ങളും എല്ലാം നീ പരിപാലിക്കുന്ന കളിപ്പാവകൾ..
---
നിൻ്റെ കുതിരപ്പടയെയും, വികൃതികളായ വാനരക്കുട്ടൻമാരെയും മറ്റ് കളിപ്പാട്ടങ്ങളെയെല്ലാം വിട്ട് പോകുന്നു. ഇനി നിന്നെ കാണാൻ വരുന്നത് ഒരു വർഷക്കാലത്താവണം. നിൻ്റെ താഴ്‌വരകളിൽ മരം പെയ്യുന്നത് കാതോർത്ത് കൊയ്ന നദിയിൽ ഒരു തോണിയിൽ നമുക്കിനിയും കഥ പറയാൻ.
ഗോവ
നിന്നെ കാണാതെ ഒരു മടക്കമുണ്ടോ തോഴി. സൊറ പറഞ്ഞിരിക്കാൻ ഇത്തവണ നേരമില്ല. പരിഭവങ്ങൾക്ക് കാതോർക്കാൻ ഞാൻ തിരിച്ചു വരാം. ഒരു പുഞ്ചിരി കടാക്ഷിച്ചാൽ ഇപ്പോൾ മടങ്ങാം.
യാത്രകൾ തീരുന്നില്ലല്ലോ.
Comments