അവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാൻ അവന് ഒരിക്കലും കഴിഞ്ഞില്ല. പഴങ്ങൾ പറിച്ചുതിന്നാനും മറ്റു കുരങ്ങന്മാരുടെ തല മാന്താനും അവൻ പോവാറില്ല. കിട്ടിയത് കഴിച്ചു, അവൻ എപ്പോഴും ഈ കൊമ്പിലിരിപ്പാണ്.
ആ കൊമ്പിലിരുന്നാൽ അപ്പുറത്ത് വെളുത്ത കമ്പളത്തിൽ സ്വയം പൊതിഞ്ഞ ഒരു ഗജരാജനെ പോലെ ആ വൻ മല. അവൻ അവിടേക്ക് നോക്കി ഒരുപാട് സമയം കളഞ്ഞു. ആ മലക്കും അപ്പുറത്ത് പറന്ന് പൊങ്ങുന്ന ഒരു പരുന്താണ് എന്നും അവനിൽ കൗതുകം ഉണർത്തിയത്. അത് മുകളിലോട്ടും താഴോട്ടും ഊളിയിടുന്നത് കൊതിയോടെ അവൻ നോക്കി നിന്നു. അതിന്റെ ചിറകുകൾ തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന്, വള്ളിപടർപ്പുകളില്ലാതെ അങ്ങനെ പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു.
തന്റെ വട്ടിന്റെ മറ്റൊരു കാരണം അവൻ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു . മറ്റു കുരങ്ങുകളെ പോലെയല്ല, അവന് വള്ളി പടർപ്പുകൾ ഭയമാണ്. അതിനകത്താണ് അവൻ കിടന്നുറങ്ങുന്നത്. പക്ഷെ അവന് അവയെ ചാടിക്കടക്കാൻ എപ്പോഴും ബുദ്ധിമുട്ടാണ്. തന്റെ സ്വതന്ത്രമായ വിഹാരത്തിന് അവ തടസ്സം നിൽക്കുമൊ എന്ന് അവൻ എന്നും ഭയന്നു.
ഒരിക്കൽ തന്റെ വട്ട് പ്രശ്നമല്ലാത്ത ചിലരുമായി അവൻ പതുക്കെ ആ മലയിലേക്ക് യാത്ര തുടങ്ങി. മുയൽ ചാടി ചാടി പോയപ്പോൾ, അണ്ണാൻ തുള്ളി തുള്ളി നീങ്ങി. മാൻ എന്തോ ആലോചിച്ചു പയ്യെ നടന്നു നീങ്ങി. അവർ ഒന്നിച്ച് അവിടെ നിന്നു. നാളെ ഞാനുണർന്നാൽ കാണാം, എന്ന് പറഞ്ഞ് സൂര്യൻ ഉരുളാൻ തുടങ്ങി. എല്ലാവരും ആ മലക്കപ്പുറമുള്ള സൗന്ദര്യം കണ്ട് നോക്കി നിന്നു. എന്നാൽ അതിന്റെ ആഴം, വ്യാപ്തി എല്ലാവരേയും ഭയപ്പെടുത്തി. പരുന്ത് ആ വഴി പറന്നു വന്നു. മൃഗങ്ങൾക്ക് പക്ഷികളുടെ ഭാഷ മനസ്സിലാവില്ല. ആദ്യമായി അവന് അത് " ഇതാണ് നീ തേടിയ ഇടം" എന്ന് പറയുന്നതായി തോന്നി. അവൻ അതിനെ നോക്കി പുഞ്ചിരിച്ചു. അത് തിരിച്ചും.
"ഒരു ദിവസം ഞാൻ ഈ മല കടന്ന് അതിനപ്പുറം കാണും." കുരങ്ങൻ മറ്റുള്ളവരോടായി പറഞ്ഞു. അണ്ണാനും മുയലും ആർത്ത് ചിരിച്ചു. "വട്ട് മൂത്തു " മാൻ പറഞ്ഞു. എല്ലാവരും ചിരിച്ചു. അവർ തിരിച്ചു നടന്നു.
അവൻ വീണ്ടും തന്റെ മരക്കൊമ്പിലെ ഇരിപ്പ് തുടർന്നു. ആ ഇരിപ്പിന്റെ ദൈർഘ്യം കൂടി കൂടി വന്നു. അങ്ങ് നിന്ന് പരുന്ത് തന്നെ നോക്കി ചിരിക്കുന്നതും മാടി വിളിക്കുന്നതുമായി അവന് തോന്നി. പക്ഷെ അവൻ വളളിപ്പടർപ്പുകളെ ഭയന്നു. എന്താണ് തനിക്കവയെ ഭയം? മറ്റെല്ലാവർക്കും അവയെ ഇഷ്ടമാണ്. എന്നിട്ടും തനിക്ക്, കിടന്നുറങ്ങുന്ന വള്ളികളെ വരെ ഭയം. അവ തന്നെ മുന്നോട്ടു കുതിക്കാൻ അനുവദിക്കാതെ വലിച്ച് താഴെ ഇടുമോ എന്ന് അവൻ എന്നും പേടിച്ചു.
കുറച്ച് ദിവസങ്ങൾക്കു ശേഷം മാനും അണ്ണാനും മുയലും ആ മലയ്ക്ക് അപ്പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. പതിവില്ലാതെ കുരങ്ങൻ മരക്കൊമ്പ് വിട്ട് താഴോട്ട് ഇറങ്ങിയതെന്തെ, എന്നവർ സംശയിക്കാതിരുന്നില്ല. മുയലും അണ്ണാനും മറ്റെവിടേക്കോ മാറിയ സമയത്ത് കുരങ്ങന്റെ ശബ്ദം കേട്ട് മാൻ തിരിഞ്ഞു നോക്കി. മലയിലേക്ക് ഓടുന്ന കൂട്ടത്തിൽ അവൻ ഉറക്കെ അലറി "ഇന്നാണ് ആ ദിവസം ".
മാൻ നോക്കി നിൽക്കെ കുരങ്ങൻ ആ വൻ മലയുടെ മുകളിൽ നിന്നും ചാടി. ഭയന്ന് ഓടി എത്തിയ മാൻ കണ്ടത്. ആ വെള്ള കമ്പിളിയിൽ പറ്റി കിടക്കുന്ന കുരങ്ങനെയാണ്. അവനെ ആരോ ബലമായി പിടിച്ചതു പോലെ അവൻ ആ വെൺമയിൽ ഇരുന്ന് ചിരിച്ചു. "നിനക്ക് ശരിക്കും വട്ടാടാ" എന്ന് പറഞ്ഞ മാൻ പിന്നീട് ഒരു ശബ്ദം കേട്ടു . "ഇതാണ് നിങ്ങൾ എല്ലാം നേടുന്ന സന്തോഷം" തിരിഞ്ഞു നോക്കിയ മാൻ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന പരുന്തിനെയാണ്.
അന്ന് ആദ്യമായി മാനും പക്ഷികളുടെ ശബ്ദം കേട്ടു .മാൻ ചിരിച്ചു. പരുന്ത് തിരിച്ചും.
Comments