ജീവിതം - എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ജീവിതമാണോ മരണമാണോ യാഥാർത്ഥ്യം എന്ന് അലോചിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുന്നവരെക്കാൾ എത്രയോ അധികമാണ് മരിച്ചു പോയവർ? അപ്പോൾ അവർ എവിടെ ? അവരും ഇവിടെ ഈ ഭൂമിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവരുടെയല്ലെ ഈ ലോകം?
മരണത്തിന് ശേഷം എന്താണെന്ന് ഉള്ളതിന് വ്യക്തമായി പറയാവുന്ന ഉത്തരങ്ങളൊന്നുമില്ല. എങ്കിലും മരണത്തിന് ഒരു വിശദീകരണം നൽകുന്നത് ജീവിതമാണ് . ഓരോ നിമിഷവും നാം നടന്നടുക്കുന്നത് ആ ഫിനിഷിങ് പോയിന്റിലേക്കാണ്. സ്ഥാനമേതായാലും പെർഫോർമെൻസിന് കൂടുതൽ പ്രാധാന്യമുള്ള ഒരു മൈതാനത്തിലാണ് നാം ഓരോരുത്തരും.
ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല.
മരണം ഒരു സത്യമാണ്. അത് തീർത്തും അനിവാര്യവുമാണ്. ഫിനിഷിങ് പോയിന്റിൽ സന്തോഷത്തോടെ നിൽക്കണമെങ്കിൽ നാം കരുതലോടെ ജീവിക്കണം. പണത്തിനും പദവിക്കുമല്ലാതെ, സൗഹൃദത്തിനും സ്നേഹത്തിനും കരുണക്കുമെല്ലാം കരുതൽ കൊടുക്കുന്ന ഒരു ജീവിതം.
ജീവിതമാണ് എല്ലാം, ഒറ്റ ജീവിതമെ ഉള്ളു എന്ന് കരുതുന്നവരോട് എനിക്ക് പറയാനുള്ളത്, മരണം ആയിരിക്കാം ഒരു പക്ഷെ എല്ലാറ്റിന്റേയും ആരംഭം. അതിന് ശേഷം എന്ത് എന്നറിയാത്ത ഒരു ബ്ലാങ്ക് സ്പേസ് ഉണ്ട്. ക്ലോസ് അപ്പിൽ ജീവിതത്തെ കാണാതെ ഒരു വൈഡ് ഷോട്ടിൽ കാണാൻ ശ്രമിക്കു, ഇനിയുമില്ലെ ഒരുപാട് വലിയ ഒരു ഫ്രെയിം ?
എങ്ങനെ ജീവിക്കണമെന്ന് പറയുന്നില്ല. അത് പറയാൻ മാത്രം വളർന്നവർ വിരളമാണ്. പക്ഷെ ചെയ്തവസാനിപ്പിക്കാൻ, അല്ലെങ്കിൽ നേടി തീർക്കാനുള്ളതല്ല ജീവിതം. അത് തുടരാനുള്ളതാണ് - കൂടെയുള്ളവരെ കണ്ട്, അറിഞ്ഞ് തുടരാൻ. രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം മുന്നിൽ വന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാവണം. ഓർക്കുക ജീവിതം എന്താണെന്നോ? ലോകം ആരുടേതാണെന്നോ നമുക്കറിവില്ല.
- മനു ഏന്റോ
Comments