സൂര്യൻ തലനീട്ടി. നേരിയ വെയിൽ ആ മലഞ്ചെരുവിനെ സ്വർണ്ണപ്പട്ട് പുതപ്പിച്ചു. മഞ്ഞ് പതിയെ മാഞ്ഞ് പുൽനാമ്പുകളിലെ ജലകണങ്ങൾ ആ പാതയെ ഈറനണിയിച്ചു. തന്റെ ഭീമമായ ശരീരവുമായി പള്ളിയിലേക്കുള്ള വഴി കയറിവരികയായിരുന്നു വർക്കി. അയാളുടെ തല പോലെത്തന്നെ മുട്ടയായ ചെരിപ്പ് ഈർപ്പം നിറഞ്ഞ ആ മൺപാതയിൽ ഒന്നു വഴുക്കി. 'മ' കൂട്ടി അല്പം മലയാളം പറഞ്ഞു ചെരിപ്പും നേരെയാക്കി നടത്തം തുടരവെ അയാൾ എടുപ്പിൽ പിടിച്ച് വശത്തേക്കൊന്ന് വളഞ്ഞുനോക്കി-ഇല്ല പിടുത്തം വിട്ടിട്ടില്ല. ഇത് വർക്കി- നസ്റാണികൾ നിരവധി വന്ന് പാർത്തിട്ടുള്ള ഈ പ്രദേശത്ത് വർക്കികൾക്ക് വലിയ ക്ഷാമമില്ല. അതുകൊണ്ടുതന്നെ ' പോർക്ക് വർക്കി' എന്ന പേരിലാണ് ഈ വർക്കി അറിയപ്പെടുന്നത്. 6.2 ഇൽ 250 റാത്തലോളം തൂക്കം വരുന്ന ഒരാജാനബാഹുവാണ് 'ഈ' വർക്കി. സ്വല്പം ഗുണ്ടാപ്പണിയൊക്കെ ചെയ്തുനടന്നിരുന്ന കാലമത്രയൂം മറ്റു പ്രശസ്തരായ പല ഗുണ്ടകളെയും പോലെ ഒരു വട്ടപേര് സ്വന്തമാക്കാൻ വർക്കിക്ക് കഴിയാതെ പോയി. നാല് വര്ഷം മുൻപ് നടന്ന മലയോര കൺവെൻഷനിൽ കൂടി മാനസാന്തരം വന്ന് പഴയ പണിയെല്ലാം ഉപേക്ഷിച്ച് വർക്കി ഈ മലഞ്ചെരുവിലെ സ്ഥലത്ത് കുറച്ച് ഏലം വെച്ച് കർഷകനായി. പിന്നെയും ഒരുവർഷ...
A Blog by and for Free Thinkers