സൂര്യൻ തലനീട്ടി. നേരിയ വെയിൽ ആ മലഞ്ചെരുവിനെ സ്വർണ്ണപ്പട്ട് പുതപ്പിച്ചു. മഞ്ഞ് പതിയെ മാഞ്ഞ് പുൽനാമ്പുകളിലെ ജലകണങ്ങൾ ആ പാതയെ ഈറനണിയിച്ചു. തന്റെ ഭീമമായ ശരീരവുമായി പള്ളിയിലേക്കുള്ള വഴി കയറിവരികയായിരുന്നു വർക്കി. അയാളുടെ തല പോലെത്തന്നെ മുട്ടയായ ചെരിപ്പ് ഈർപ്പം നിറഞ്ഞ ആ മൺപാതയിൽ ഒന്നു വഴുക്കി. 'മ' കൂട്ടി അല്പം മലയാളം പറഞ്ഞു ചെരിപ്പും നേരെയാക്കി നടത്തം തുടരവെ അയാൾ എടുപ്പിൽ പിടിച്ച് വശത്തേക്കൊന്ന് വളഞ്ഞുനോക്കി-ഇല്ല പിടുത്തം വിട്ടിട്ടില്ല.
ഇത് വർക്കി- നസ്റാണികൾ നിരവധി വന്ന് പാർത്തിട്ടുള്ള ഈ പ്രദേശത്ത് വർക്കികൾക്ക് വലിയ ക്ഷാമമില്ല. അതുകൊണ്ടുതന്നെ ' പോർക്ക് വർക്കി' എന്ന പേരിലാണ് ഈ വർക്കി അറിയപ്പെടുന്നത്. 6.2 ഇൽ 250 റാത്തലോളം തൂക്കം വരുന്ന ഒരാജാനബാഹുവാണ് 'ഈ' വർക്കി. സ്വല്പം ഗുണ്ടാപ്പണിയൊക്കെ ചെയ്തുനടന്നിരുന്ന കാലമത്രയൂം മറ്റു പ്രശസ്തരായ പല ഗുണ്ടകളെയും പോലെ ഒരു വട്ടപേര് സ്വന്തമാക്കാൻ വർക്കിക്ക് കഴിയാതെ പോയി. നാല് വര്ഷം മുൻപ് നടന്ന മലയോര കൺവെൻഷനിൽ കൂടി മാനസാന്തരം വന്ന് പഴയ പണിയെല്ലാം ഉപേക്ഷിച്ച് വർക്കി ഈ മലഞ്ചെരുവിലെ സ്ഥലത്ത് കുറച്ച് ഏലം വെച്ച് കർഷകനായി. പിന്നെയും ഒരുവർഷം കഴിഞ്ഞപ്പോൾ ഏലം മാത്രം പോരെന്ന് തോന്നി പോർക്കിനെ വളർത്താൻ തുടങ്ങി. ഗുണ്ടയായിരുന്നപ്പോഴും, കർഷകനായപ്പോഴും കിട്ടാത്ത ഒരു മര്യാദ പന്നിവളർത്തൽ തനിക്ക് തന്നതായി വർക്കിക്ക് തോന്നി. അങ്ങനെ പതിയെ വർക്കി ' പോർക്ക് വർക്കി'യായി .
കുന്നുമ്പുറം പള്ളിയുടെ ഇടത്തോട്ടുള്ള വെട്ടുവഴി നടന്ന് അല്പം താഴെ ചെന്നാൽ വർക്കിയുടെ തോട്ടമാണ്. ഏലം തിങ്ങിനിറഞ്ഞ് നിൽക്കുന്ന തോട്ടത്തിന് നടുക്ക് ഓടിട്ട ഒരു പെര , പടിഞ്ഞാട്ടല്പം മാറി പന്നിക്കൂടുകളും. അപ്പുറം കോന്നികണ്ടി എസ്റ്റേറ്റിൽ നിന്ന് നോക്കിയാൽ കുന്നുമ്പുറം പള്ളിയിലെ കർത്താവിനെയും, കർത്തവിന്റെ വലത് വശത്ത് താഴെ വർക്കിയെയും കാണാം എന്നാണ് വർക്കി അവകാശപ്പെടുന്നത്.
'എന്നാലും ഏത് മറ്റവനാണോ ഇന്നീ പള്ളിയിൽ തന്നെ കെട്ട് നടത്താതെ സൂക്കേട്' പിറുപിറുത്തുകൊണ്ട് വീണ്ടും പള്ളിയിലേക്കുള്ള വഴി നടന്നുകയറുകയായിരുന്നു വർക്കി.
കുന്നുമ്പുറം പള്ളി പഴയ ഒരാശ്രമത്തിന്റെ ഭാഗമാണ്. കുഷ്ഠരോഗികളെ ശുശ്രൂഷിച്ചിരുന്ന കറുത്ത ഉടുപ്പിട്ട അച്ചന്മാർ നടത്തിയിരുന്ന ആശ്രമത്തിന്റെ. കുഷ്ഠരോഗം മാറിയതോടെ ആശ്രമവും പൂട്ടി. താഴെ പള്ളി ആണ് ഇടവകപ്പള്ളി. അവിടെ വർക്കി പോവാറില്ല. ഞായറാഴ്ച വൈകുന്നേരങ്ങളിൽ താഴെ പള്ളിയിൽനിന്ന് അച്ചൻ വന്ന് ഒരു കുർബ്ബാന ചൊല്ലും. ആ കുർബ്ബാനയ്ക്ക് വരുന്ന വിരളം ചിലരിലെ പതിവുകാരനാണ് വർക്കി. അതുകൊണ്ടുതന്നെ അച്ചന് വർക്കിയെ നല്ല പരിചയമാണ്.
ആ ഒരൊറ്റ കാരണംകൊണ്ടാണ് രാവിലെ അച്ചൻ വന്ന് ധൈര്യമായി പള്ളിയുടെ താക്കോൽ തന്ന് ഇങ്ങനെ ഒരു കെട്ടുണ്ട്, പള്ളി തുറന്നു കൊടുക്കണമെന്ന് പറഞ്ഞതും വർക്കി അതിന് സമ്മതിച്ചതും. അച്ചന് മറ്റെന്തോ പരിപാടിയുണ്ട്, വേറെ ഏതോ ഒരച്ചനാണ് കെട്ട് നടത്തുന്നത്. വലിയ ആളൊന്നും കാണില്ല, ഏതോ അനാഥപിള്ളേരാണെന്ന പറഞ്ഞെ.
' ഇവർക്കൊക്കെ ഇത് വേറെ എവിടേലും ആയാൽ പോരെ ' . അയാൾ വീണ്ടും ആ വഴിയിൽ നിന്ന് എടുപ്പൊന്ന് താങ്ങി, പിടുത്തം വിടുന്ന ലക്ഷണമില്ല. നശിച്ച ഈ പകലിനെ പ്രാകാതിരിക്കാനയാൾക്ക് കഴിഞ്ഞില്ല.
വളർത്തുന്ന പോർക്കുകൾക്ക് പുറമെ വർക്കിക്കാകെ കൂട്ടുള്ളത് മുത്താണ് - മുത്തുവേൽ. പോർക്ക് വളർത്തൽ തുടങ്ങി ഒരുവർഷം കഴിഞ്ഞപ്പോൾ കൂടെ കൂടിയതാണവൻ. പോർക്കിനെ നോക്കലും, ഏലം പറിക്കാൻ വരുന്നവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കലും മറ്റുമായി മുത്ത് വർക്കിക്ക് വലിയ സഹായമാണ്. അതുകൊണ്ടുതന്നെ ഒരു മുതലാളി തൊഴിലാളി ബന്ധമല്ല ഇരുവരും തമ്മിൽ. ആ പെരയിൽ ഒന്നിച്ച് താമസവും ഭക്ഷണവും. പിന്നെ വർക്കി പറയുന്നത് പോലെ വയസ്സ് തന്റെ പകുതിയേയുള്ളു എങ്കിലും, തന്റെ കപ്പാസിറ്റിക്ക് പറ്റിയ അടി കമ്പിനി ഇന്നാട്ടിൽ മുത്ത് മാത്രമേയുള്ളു.
ചാരായമാണ് വർക്കിക്ക് പ്രീയം - അല്ല അയാളതെ കുടിക്കു. സർക്കാർ കുപ്പിയിലാക്കിത്തരുന്ന കളർ വിഷം തനിക്ക് വേണ്ട എന്നതാണ് ന്യായം. വർക്കിയാണ് മുത്തിനെ വാറ്റാൻ പഠിപ്പിച്ചത്. മറ്റെല്ലാം പോലെ അതിലും അവൻ മിടുക്കനായി. തന്റെ മുതലാളിക്ക് വേണ്ടി കണ്ണിൽ കണ്ടതെല്ലാം അവൻ വാറ്റി - നെല്ല്, കശുമാങ്ങ, പേരക്ക, അണ്ണാൻ അങ്ങനെ ആ പറമ്പിൽ കണ്ടതെല്ലാം.
ഇന്നലെ ഏലത്തിന് മരുന്ന് വാങ്ങാൻ പോയ മുത്ത് മുതലാളിക്ക് ഒരു സമ്മാനവുമായാണ് മടങ്ങിവന്നത് - നല്ല അസ്സൽ കുറുക്കൻ വാറ്റിയത്. സന്ധ്യ മയങ്ങിയതോടെ ഇരുവരും ചേർന്ന് ഒരിളം പന്നിയെ പൂശി മുളയിൽ കോർത്തു. അതിനെ കറക്കികൊണ്ട് ആ സമ്മാനപ്പൊതി പൊട്ടിച്ചടിക്കുമ്പോൾ വർക്കിക്ക് തന്റെ കണ്ണുകളിൽ എന്നത്തേയും പോലെ പുഴുക്കൾ ഓടിക്കളിക്കുന്നതായി തോന്നി. പന്നിക്കുട്ടന്റെ തൊലി മുറുക്കുപോലെ കറുമുറാ കടിച്ച് വാറ്റും മോന്തി പറമ്പിന്റെ മൂലയിൽ പ്ലാവിനോട് ചേർന്ന് പനിനീർചാമ്പയുടെ തണലിലിട്ട കയറുകട്ടിലിൽ തന്റെ നാടൻ തോക്കിനെ മാറോട് ചേർത്തയാൾ നക്ഷത്രങ്ങളെ നോക്കി കിടന്നു .
അതിനോടകം നാലെണ്ണം അകത്താക്കിയ മുത്ത് പതിവുപോലെ ഗാനധാരയൊഴുക്കി
' കാത്തിരുന്ത് കാത്തിരുന്ത് കാലങ്ങൾ പോകുതെടി
പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോകുതെടി
നേത്ത് വരെ സേർത്ത് വെച്ച ആസെകൾ വേകുതെടി . . '
മുത്തിന്റെ അലർച്ച കേട്ടാണ് ഞെട്ടിയെണീറ്റത്. ഒരാഴ്ചത്തെ കാത്തിരിപ്പാണ്, ഇന്നവനെ തീർക്കണം. നെഞ്ചോട് ചേർത്തുവെച്ച തോക്കിലറിയാതെ കൈമുറുകി. കണ്ണ് തുറക്കാൻ നന്നേ പാടുപെടേണ്ടിവന്നു. കയറുകട്ടിലിൽ തൂങ്ങിക്കിടന്നിരുന്ന ദേഹം ഉയർത്തി വർക്കി ഒരുവിധം താഴേക്കിടന്ന വള്ളിച്ചെരുപ്പിനകത്ത് കയറിപറ്റി.
'അണ്ണാ, ഉങ്കളെ പാത്ത് വന്തിട്ടുറുക്ക്..' അകലെ തീനാളം കാണുന്നിടത്ത് നിന്ന് മുത്തിന്റെ അടുത്ത അലർച്ച. വർക്കി ഏലത്തലകൾക്കിടയിൽ വെട്ടിയ ചാലിലേക്ക് കാലെടുത്തുവെച്ചു. മുത്ത് വീശുന്ന ചൂട്ടിന്റെ വെട്ടം അടുത്ത് വന്നു. അതാ പാഞ്ഞുവന്ന വഴിയിലും, മേല് നിന്നും പൊടിയുയർത്തി അവൻ മുന്നിൽ നിൽക്കുന്നു - കാട്ടുപന്നി.
തോളിൽ തോക്കിന്റെ പാത്തി ഉറക്കും മുൻപ് അവൻ പാഞ്ഞുവന്ന് വെട്ടി കഴിഞ്ഞിരുന്നു. എടുപ്പാണാദ്യം പതിച്ചത്. വേദനയെ മനപ്പൂർവ്വം അറിഞ്ഞില്ലെന്നുവെച്ച് അവൻ പോയവഴിയിൽ തീർത്ത പൊടിമറയുടെ രേഖയും, ഒച്ചയും ഗണിച്ച് വീണിടത്ത് കിടന്ന് വർക്കി കാഞ്ചി വലിച്ചു. ഒരിക്കൽകൂടെ ആ പുലർച്ചെ വർക്കിക്ക് പിഴച്ചു. കുഴലിന് മുന്നിൽ തീതുപ്പിക്കൊണ്ട് തോക്കൊന്നു വെട്ടി.
പണ്ട് ഗുണ്ടാപ്പണി ചെയ്തിരുന്ന കാലം തൊട്ടേ വർക്കി എണ്ണംപറഞ്ഞ ഒരു വേട്ടക്കാരനാണ്. ആ പണി വിട്ടതോടെ വെടിവെക്കാൻ കാട്ടിൽ കയറുന്നതൊഴിവാക്കിയെങ്കിലും ആ കലയെ, അതിൽ നിന്ന് കിട്ടിയിരുന്ന ഒരു സുഖത്തെ ഒഴിവാക്കാൻ അയാൾ തയ്യാറല്ലായിരുന്നു. അയാൾ സ്വന്തം തോട്ടത്തിലും, പരിചയക്കാരുടെ തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും പല രാത്രികളിലും ആ കലാപരിപാടി തുടർന്നുപോന്നു. മാൻ, മുയൽ, അണ്ണാൻ, പല തരം പക്ഷികൾ അങ്ങനെ ഒത്തുവന്നതിനെയെല്ലാം അയാൾ വെടിവെച്ചു. പക്ഷെ എന്നും കാട്ടുപന്നികളായിരുന്നു അയാളെ ആകർഷിച്ചിരുന്നു. ഒന്ന് പിഴച്ചാൽ അവ തിരിച്ചാക്രമിക്കുമെന്നതിൽ അയാൾ ഒരുതരം ഹരം കണ്ടെത്തി. കഴിഞ്ഞ കുറെ നാളുകളായി പുറത്ത് വെടിവെക്കാൻ പോകുന്നത് കുറവാണ്. തന്റെ തോട്ടത്തിൽ മാത്രമായതൊതുങ്ങി. അതും വിരളം. അതുകൊണ്ടുതന്നെ കൈയ്യിലുണ്ടായിരുന്ന ഏതാനും ഷെല്ലുകളിൽ സ്വയം മരുന്ന് നിറച്ചാണ് ഈയ്യിടെയായി ഉപയോഗിക്കുന്നത്. അതിലൊന്നാണിന്നീ പുലരിയിൽ വർക്കിയെ ചതിച്ചത്.
അയാളപ്പോഴേക്കും നടന്ന് പള്ളിയോളമെത്തിയിരുന്നു. കിഴക്ക് നിന്നു വന്ന വെയിൽ അയാളുടെ മുന്നിൽ സ്വന്തം നിഴൽ വരച്ചിട്ടു. അയാളതിൽ നോക്കി - സൂചിപോലെ കൂർത്ത അടിയും, മുകളിൽ വലിയ മൊട്ടുമുള്ള ഭീമമായൊരു പമ്പരം പോലെ അയാൾക്ക് തോന്നി. എടുപ്പിൽ താങ്ങിക്കൊണ്ടുതന്നെ അയാൾ പടവുകളിറങ്ങി. ആമത്താഴിട്ട് പൂട്ടിയ പള്ളിയുടെ ഗോപുരവാതിൽ തള്ളിത്തുറന്നു. വിരളമായി തുറക്കപ്പെടുന്ന അതിന്റെ വലിയ മരപ്പാളികളുടെ ഒച്ച പള്ളിയകത്ത് മാറ്റൊലികൊണ്ടു. വലിയ ഗോപുരത്തിനകത്ത് പ്രാവുകൾ ഒച്ചവെച്ച് ചിറകിട്ടടിച്ചുപറന്നു.
കുന്നുമ്പുറം പള്ളിക്ക് കാര്യമായ പഴക്കമുണ്ട്. സ്‌പെയിനിൽ നിന്നോ മറ്റോ വന്ന പഴയൊരു അച്ഛനാണ് അന്നിത് പണിയാൻ മുൻകൈയ്യെടുത്തത്. പത്തിരുപതടി ഉയരമുണ്ട് മേൽക്കൂരയ്ക്ക്. മുകളിലെ ജാലകങ്ങളെല്ലാം ചില്ലാണ് ,മഞ്ഞ നിറമുള്ള ചില്ലുകൾ . താഴെ വാതിലുകളും, ജനാലകളും മരവും. അവയിൽ പലതും ദ്രവിച്ച് തുടങ്ങിയിരുന്നു. വെള്ള ചുവരുകളിൽ പലയിടത്തും മുഷിവും , ഈർപ്പം വരുത്തിവെച്ച കരിമ്പൻ പാടുകളും.
മുകളിൽ ഇടതുവശത്തെ ജാലകങ്ങളിൽനിന്ന് താഴേക്ക് വന്നിരുന്ന വെട്ടത്തിൽ പള്ളിയകത്ത് തങ്ങിനിന്നിരുന്ന പൊടിപടലങ്ങൾ നൃത്തംവെച്ചു. അകത്തെ ഇരുട്ടിനെ അവ കൃത്യമായ ഇടവേളകളിൽ ഭാഗിച്ചു. അൾത്താരയിൽ കുരിശുരൂപത്തിലേക്കും വശത്തുനിന്ന് അത്ര തീക്ഷ്ണമല്ലാത്ത ഒരു വെട്ടം വീഴുന്നുണ്ട്. ചിറകിട്ടടിച്ച് മടുത്തിട്ടോ എന്തോ ഒരു പ്രാവ് കുരിശിന്റെ കൈയ്യിൽ വന്നിരിപ്പായി.
വർക്കി നടന്ന് അൾത്താരയിലേക്ക് കയറാനുള്ള ചെറിയ വാതിൽകൂടി തുറന്നുവെച്ച്, പള്ളിയകത്ത് ഏറ്റവും പുറകിലായിട്ടിരുന്ന ബെഞ്ചുകളിലൊന്നിൽ ഇരുന്നു. ഇരിക്കാനൊരു പാങ്ങൊക്കുന്നില്ല. അയാൾ വീണ്ടും എടുപ്പിൽ കൈയ്യൊന്നുതാങ്ങി - ആ വലിയ ദേഹമൊന്ന് ഞെളുങ്ങി. പിന്നെ ബെഞ്ചിന്റെ കൈയ്യിൽ കൈ താങ്ങി, നിതംബം പൂർണ്ണമായി ഉറപ്പിക്കാനാകാതെ അസഹിഷ്ണുവായി കാത്തിരിപ്പ് തുടർന്നു . കഴിഞ്ഞ രാത്രിയുടെ ക്ഷീണത്താൽ ആ ഇരിപ്പിലും അയാളറിയാതെ മയങ്ങിപ്പോയി.
വീണ് കിടന്നിടത്തുനിന്ന് എഴുനേൽക്കാൻ വർക്കി വളരെ പാടുപെട്ടു. ഓടിവന്ന മുത്തിന് വലിയ സന്തോഷമായിരുന്നു. അവൻ അയാളെ താങ്ങുന്നതിനൊപ്പം പറഞ്ഞു
' വീഴ്ന്തിടിച്ചണ്ണ , നാ കേട്ടേ '
തിരിച്ചയാളെ കയറുകട്ടിലിൽ ഇരുത്തിയതും പന്നി പാഞ്ഞ ദിശനോക്കി മുത്ത് ഓടി.
അപ്പോഴേക്കും വെട്ടം വീണുതുടങ്ങിയിരുന്നു. കയറുകട്ടിലിൽ ആ കിടപ്പ് അതികം നേരം തുടർന്നിട്ടുണ്ടാവാൻ സാധ്യതയില്ല. അച്ചൻ കയറിവന്ന് വിളിക്കുമ്പോഴാണ് ഉണരുന്നത്. അച്ചൻ പോയതും വീണ്ടും അറിയാതെ കിടന്നുപോയി. പിന്നെയുണരുമ്പോഴേക്ക് വെയിൽ കണ്ണിലടിക്കാൻ തുടങ്ങിയിരുന്നു. വെപ്രാളപ്പെട്ട് ഇറങ്ങിപോരുമ്പോൾ മുത്തിനെ അവിടെയെങ്ങും കണ്ടില്ല. കണ്ടിരുന്നേലും ഈ പണി അവനെയേൽപ്പിക്കാനൊക്കില്ല. കാര്യം അവൻ വൃത്തിയായിത് ചെയ്യും. പക്ഷെ പലർക്കുമിതറിഞ്ഞാൽ പിടിച്ചെന്നുവരില്ല.
കണ്ണിലെ ഇരുട്ടിൽ പെട്ടെന്ന് പുഴുക്കൾ കാണായി. അവ ദിശ വ്യക്തമല്ലാത്തത് പോലെ ഞെട്ടിതിരിഞ്ഞ് ഓടിക്കൊണ്ടിരുന്നു. വീണ്ടും പ്രാവുകളുടെ ചിറകടികൾ, ഒരു വെള്ളപ്രാവ് കണ്ണിനുമുന്നിൽ പറന്നിറങ്ങുന്നതായി തോന്നി ഞെട്ടി വർക്കി കണ്ണുതുറന്നു. വെള്ള താടിയിലും, മുടിയിലും മുഖമൊളിപ്പിച്ച ഒരച്ചനാണ്.
' വർക്കിച്ചേട്ടനല്ലേ? താക്കോൽ തന്ന് ചേട്ടൻ പൊക്കോളൂ . എന്നോട് കഴിഞ്ഞു പൂട്ടി താക്കോൽ തോമസച്ചനെ ഏല്പിക്കാനാ പറഞ്ഞേക്കുന്നെ'
കണ്ണുതെളിഞ്ഞ് പറഞ്ഞത് വ്യക്തമാവാൻ ഒരുനിമിഷമെടുത്തു വർക്കിക്ക്. അയാൾ താക്കോൽ അച്ചനെയേൽപിച്ചു. അച്ചൻ അതുവാങ്ങി ഒന്നുചിരിച്ച് അൾത്താര ലക്ഷ്യമാക്കിനടന്നു. എഴുന്നേൽക്കാൻ തോന്നിയില്ല, എടുപ്പിലൊന്ന് താങ്ങിക്കൊണ്ട് അവിടെത്തന്നെ അയാളൊന്ന് അനങ്ങിയിരുന്നു.
ജാലകത്തിന്റെ മഞ്ഞച്ചില്ലുകൾ നിറം മാറ്റിയ വെട്ടം അപ്പോഴേക്കും പള്ളിയകത്ത് തീക്ഷ്ണമായിരുന്നു. അത് പൂർണ്ണമായി ഉറക്കമുണരാത്ത അയാളുടെ കണ്ണുകളെ അലോസരപ്പെടുത്തി. കണ്ണൊന്ന് തുറന്നടച്ച് അയാൾ നിർവികാരനായി നോക്കിക്കൊണ്ടിരുന്നു. അച്ചന്റെ കൂടെ വന്ന സഹായിയായിരിക്കണം അൾത്താരയിലെ വലിയ മെഴുതിരികൾ ഒന്നൊന്നായി കത്തിക്കുന്നു. കുർബ്ബാനക്കും, കെട്ടിനും വേണ്ട ഒരുക്കങ്ങൾ നടത്തുന്നു.
അയാളുടെ ശ്രമങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വീണ്ടും കണ്ണുകളടയാൻ വെമ്പി. പിന്നിലെന്തോ ഒച്ചകേട്ടാണ് വീണ്ടുമുണർന്നത്. അപ്പോഴേക്കും അച്ചൻ ഉടുപ്പെല്ലാമിട്ട് അൾത്താരക്ക് മുന്നിൽ നിൽപ്പുറപ്പിച്ചിരുന്നു.പരിസരത്തെ തന്നിലേക്കാവാഹിച്ച് വർക്കി ഒച്ച കേട്ട വശത്തേക്ക് തിരിഞ്ഞു. ചക്രങ്ങൾ - കട്ടിളപ്പടികൾ താണ്ടാനാവാതെ അവ ശ്രമം തുടരുന്നു, ഒടുവിൽ ആ ശ്രമങ്ങളുടെ വിജയസാധ്യതയിൽ സംശയം തോന്നിയിട്ടെന്ന പോലെ അവ മടങ്ങുന്നു. അപ്പോഴാണയാൾ മുകളിലേക്ക് നോക്കുന്നത്. വെള്ള ഉടുപ്പിന്റെ മുൻവശം ചക്രങ്ങളിൽ കുടുങ്ങാതിരിക്കാനാവണം അല്പം പൊക്കിപ്പിടിച്ചിരിക്കുന്നു.
മുഖം കാണുന്നതിന് മുൻപ് ചക്രം വെച്ച ആ വണ്ടി അയാൾ നോക്കുന്ന ദിശയിലേക്ക് തിരിഞ്ഞിരുന്നു. നനുത്ത വെള്ള ഉത്തരീയത്തിനകത്ത് അവളുടെ മുടിച്ചുരുളുകൾ നൃത്തം വെച്ചു. മണവാളൻ അവളുടെ വണ്ടിക്കു കടക്കാനായി താഴെ കട്ടിളയോട് ഒരു മരപ്പലക ചേർത്തുവെച്ച് മുട്ടിലിരുന്ന് അവളെ നോക്കി ചിരിക്കുന്നു. വണ്ടിയുടെ പുറകിലെ വലിയചക്രങ്ങളാണ് പിന്നീട് കട്ടിളപ്പടിയോട് ഏറ്റുമുട്ടിയത്. യന്ത്രംവെച്ച ആ വണ്ടി അത് വലിയ ബുദ്ധിമുട്ടില്ലാതെതന്നെ നേരിട്ടു. ചിരിമൊട്ടുകിലുങ്ങി.
മണവാളന്റെ മുഖത്തെ ചിരിക്കപ്പോൾ അൾത്താരയിൽ കത്തി നിന്ന അനേകം മെഴുതിരികളേക്കാൾ ശോഭയുള്ളതായി തോന്നി. അവൻ കൈയ്യിലിരുന്ന പലക വശത്തേക്ക് നീക്കി ചാരിവെച്ച് മണവാട്ടിയുടെ മുന്നിൽ വന്ന് അവളുടെ തോളിൽ കൈ വെച്ചു. ആ നിമിഷാർദ്ധത്തിൽ അവരുടെ മിഴികൾ കൈമാറിയ കഥക്ക് തന്റെ മൊത്ത ജീവിത കഥയേക്കാൾ മാധുര്യമുണ്ടെന്ന് വർക്കിക്ക് തോന്നി.
പിന്നെ തന്റെ ചിന്തകളെ സ്വയം കളിയാക്കി ഇരുവരേയും ഒന്നിച്ചുകാണാനായി ആകാംഷയോടെ കാത്തിരുന്നു. ചക്രങ്ങൾ വീണ്ടും തിരിഞ്ഞു. വിജയി പിന്നിലേക്ക് മാറി. മുഖപടം നീങ്ങി ചിരി മായാത്ത ആ മുഖം കണ്ടു. ആ വലിയ ശരീരം അയഞ്ഞു, അയാളാ ബെഞ്ചിൽ ചാരിയിരുന്നുപോയി. ' ആലീസ് ' ചുണ്ടുകളറിയാതെ അനങ്ങി. യന്ത്രം വലിക്കുന്ന ചക്രങ്ങൾ നീങ്ങുന്നതിനിടയിൽ അവളുടെ കണ്ണുകളിൽ അയാളുടെ നോട്ടമുടക്കി. ആസകലം പുകയുന്നതായയാൾക്ക് തോന്നി.
വാതിലിന് പുറത്തുനിന്ന് എടുപ്പ് താങ്ങിക്കൊണ്ടായാൾ ഒരിക്കൽ കൂടി പള്ളിയകത്തേക്ക് നോക്കി. മഞ്ഞവെയിലിന്റെ കടുപ്പം കുറഞ്ഞു, മെഴുതിരികൾക്ക് വെട്ടം കൂടിയപോലെ. ഉടുപ്പിൻതുമ്പിലും , ഉത്തരീയത്തിലും കാറ്റ് പിടിച്ചുവലിച്ചു. ആളൊഴിഞ്ഞ ആ പള്ളിയകത്തിന് നടുവിലൂടെ അവർ നീങ്ങി. ചക്രങ്ങളോട് അവന്റെ കാലടികൾ ജോഡിചേർന്നു.
തിരിച്ചു വഴിയിലേക്കുള്ള പടവുകൾ കയറുമ്പോൾ മഴ പൊടിഞ്ഞു. പിടുത്തമില്ലാത്ത ചെരിപ്പ് പടികളിൽ വഴുക്കാതെ ശ്രദ്ധിച്ച് വെട്ടുവഴിയിലേക്ക് കയറി. താഴേക്ക് ഇറങ്ങവെ , എടുപ്പിലെ പിടുത്തം അയാളെ തളർത്താൻ ശ്രമിച്ചു. ഇത്തവണ അയാൾ നിർത്താതെ നടത്തം തുടർന്നു . പൊടി മഴയിലും നെറുകയിലടിച്ചിരുന്ന വെയിലിൽ അയാളറിയാതെ നെറ്റിയിൽ കൈപ്പത്തി ചേർത്തുപോയി.
നടത്തം എവിടെയുമെത്താത്ത പോലെ അയാൾക്ക് തോന്നി. വശത്തെ വേലിയിൽ കൈയ്യൂന്നി നിന്നയാൾ കിതച്ചു. അയാളുടെ കണ്ണുകളിൽ വെളിച്ചം വന്ന് നിറഞ്ഞു. പുഴുക്കൾ ദ്രുതഗതിയിൽ അവയുടെ പ്രയാണം തുടർന്നു. അതിനിടയിലെപ്പോഴോ വീണ്ടുമാ മുഖം കണ്ണിൽ മിന്നിമാഞ്ഞു. കിതപ്പിൽ ആ വലിയ ശരീരം ഉയർന്ന് താണു. അയാൾ വേലികമ്പിയിൽ ചാരി ഊർന്നിരുന്നു. പൊടിമഴയും, വിയർപ്പും ചേർന്ന ചാലുകൾ അയാളുടെ ചെവിയുടെ വശങ്ങളിൽ കൂടി കുറ്റിത്താടികൾക്കിടയിലൂടെ ഒലിച്ചിറങ്ങി.
അപ്പുറത്ത് എസ്റ്റേറ്റിന്റെ വശത്ത് നിന്ന് ഒരു വെടിയൊച്ച കേട്ടു, അതിന് പതിറ്റാണ്ടുകളുടെ പഴക്കം അയാൾക്ക് തോന്നി. അലമുറയിട്ട് കരച്ചിലുകളും, അലർച്ചകളും. എസ്റ്റേറ്റിന്റെ ആഴങ്ങളിൽ മുഴങ്ങുന്ന അവറാൻ കുഞ്ഞിന്റെ ആക്രോശങ്ങൾ. തന്റെ കാവലിൽ അകത്ത് ചവിട്ടിയമർത്തിയ അവളുടെ ഞരക്കങ്ങൾ. വെടികൊണ്ട് വീഴുന്നതിന് മുൻപ് തോക്കിൻകുഴലിന്റെ മുന്നിലൂടെയുള്ള അവളുടെ കെട്ടിയവന്റെ തിരിഞ്ഞുനോക്കികൊണ്ടുള്ള ദയനീയമായ ഓട്ടം. പച്ച മാംസം കത്തിയെരിയുന്ന ചൂര്. ദയനീയമായ ആ വിളി ' എന്റെ മോളെ ആലീസേ '
അതയാളെ വീണ്ടുമുണർത്തി. എസ്റ്റേറ്റിലെ ആ നിലവിളി അയാളുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തലയിലും മുഖത്തും നിന്ന് ഒലിച്ചിറങ്ങിയ വിയർപ്പ് കലർന്ന വെള്ളം തുടച്ച് കുപ്പായത്തിൽ തേച്ച് വർക്കി ഉയരാൻ ശ്രമിച്ചു. താഴെ വഴിയിലെ ചെളിയിൽ വഴുക്കി വീഴാതെ വേലികമ്പിയിൽ താങ്ങി എഴുന്നേറ്റയാൾ വീണ്ടും നടന്നു.
കയറുകട്ടിലിൽ വന്ന് വീഴുമ്പോഴും അയാൾക്ക് കിതപ്പടക്കാൻ കഴിഞ്ഞിരുന്നില്ല. നനഞ്ഞൊട്ടിയ വസ്ത്രവുമായി പനിനീർചാമ്പയുടെ ഇലകൾക്കിടയിലൂടെ വന്ന് വീഴുന്ന വെയിലേറ്റയാളവിടെ കിടന്നു.
' നാ അപ്പോവേ സൊന്ന ലെ വീഴ്ന്തിടിച്ച് ന് , ഇതോ സരിപണ്ണിട്ട് ഇറുക്ക്...ഉള്ളെ വന്ത് പട് അണ്ണേ... നീങ്ക സൊൽറ മാരി, ഇന്നേക്ക് കുറുക്കന് ക്ക് കല്ല്യാണം പോലെ...'
പോർക്ക് ഉരുളിയിൽ കിടന്നു പാകമായിക്കൊണ്ടിരുന്നു, അതിന്റെ നെയ്യുരുകുന്ന വാസന അവിടെ പരന്നു. അടുക്കളയും കടന്ന് പറമ്പും, പ്ലാവും, പനിനീർചാമ്പയും, കയറുകട്ടിലുമെല്ലാം ചാരനിറം കലർന്ന വെള്ളപുക വന്ന് മൂടി. വർക്കി മഴ പൊടിയുന്ന ആകാശം നോക്കി കിടന്ന് ഉരുകി. അകലെ എസ്റ്റേറ്റിൽ നിന്നും അവളുടെ നിലവിളി അപ്പോഴുമയാൾ കേട്ടുകൊണ്ടിരുന്നു. അയാളുടെ ശ്വാസഗതിക്കനുസരിച്ച് കയറുകട്ടിൽ പതിയെ അനങ്ങുകയും, ഞരങ്ങുകയും ചെയ്തു.
' രാസാത്തിയുന്നെ കാണാത നെഞ്ച് കാത്താടി പോലാട്ത്
പൊഴുതാകി പോച്ച്, വിളക്കേത്തിയാച്ച് പൊന്മാനെയുന്നെ തേട്ത്...'
*സൂകരമുഖം - പന്നിമുഖം / ഒരുനരകം (നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണ്. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നാണെന്നും തർക്കമുണ്ട്. അതിൽ ഒന്നാണ് സൂകരമുഖം.)
Comments