"മണ്ടന്മാരെ കസേരയിലേറ്റുന്നതും ഭവാൻ , അവരെ പുച്ഛിച്ച് തള്ളുന്നതും ഭവാൻ".
ആദ്യമേ തന്നെ മഹാനായ പൂന്താനത്തിന്റെ വരികൾ വളചോടിച്ചതിനു മാപ്പ്. ഇതിൽ ആരാണീ ഭവാൻ. നമ്മളല്ലാണ്ട വേറാര? ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും നമ്മൾ ഭരണാധികാരി എന്ന പേരിൽ വകതിരിവില്ലാത്ത കുറേപേരെ വിജയിപ്പിക്കുന്നു, എന്നിട്ട് നമൾ തന്നെ അവരെ പുച്ഛിച്ച് തള്ളുന്നു. ഈ പ്രവണത നമ്മൾ ഉൾപ്പെടുന്ന മുഴുവൻ സമൂഹത്തിന്റെയും മാറാരോഗമായി മാറികൊണ്ടിരിക്കുകയാണ്.
എന്താണ് നമ്മളിലെ ഈ മാറാരോഗം? ജനാധിപത്യഭരണം എന്ന പേരിൽ നടത്തുന്ന പകൽകൊള്ളയ്ക്കെതിരെ പ്രതികരിക്കുന്നതോ? തീർച്ചയായും അല്ല. മറിച്ച് പ്രതികരണശേഷി നഷ്ടപ്പെടാത്തൊരു ജനതയേയാണിത് സുചിപ്പിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ആയില്ല എന്നതിന്റെ തെളിവ് കഴിഞ്ഞ 69 കൊല്ലങ്ങൾ തന്നെയാണ്. പേരിന് മാത്രം സ്വാതന്ത്ര്യം ലഭിച്ചൊരു ജനതയും രാജ്യവുമാണ് നമ്മുടേത്.
200 കൊല്ലങ്ങൾ നമ്മളെ ഭരിച്ചുമുടിപ്പിച്ചത് അരക്കള്ളന്മാർ ആണെങ്കിൽ, കഴിഞ്ഞ 69 കൊല്ലങ്ങളായി നമ്മെ ഭരിക്കുന്നത് അല്ല "ഹരിക്കുന്നത്" മുക്കാൽക്കള്ളന്മാരാണ്. ഈ ആസൂത്രിത മോഷ്ടാക്കളെ തടയാൻ ജനങ്ങൾ പ്രതികരിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. പക്ഷെ അത് സോഷ്യൽ മീഡിയകളിൽ മാത്രം ഒതുങ്ങിപ്പോവുന്നതാണ് ഏറെ ദുഃഖകരം.
സോഷ്യൽ മീഡിയ തീർച്ചയായും ശക്തിയേറിയ മാധ്യമം തന്നെയാണ്. എന്നാൽ അതിലൂടെമാത്രമുള്ള പ്രതികരണത്തിന്റെ പ്രഭാവത്തിനു അല്ലെങ്കിൽ അതിന്റെ "reach "നു ഒരു പരിമിതിയുണ്ട്. ഈ പരിമിതികളെയൊക്കെ തകർക്കുന്ന പ്രതികരണരീതികളാണ് നമ്മുക്കാവശ്യം. പ്രതികരണത്തേക്കാൾ പ്രതികരണരീതിക്കാണ് ഏറെ പ്രാധാന്യം. സോഷ്യൽ മീഡിയകളുടെ ചട്ടകൂടുകളിൽ നിന്നും മാറി ഫലപ്രദമായ രീതികളിലേക്ക് മാറേണ്ടിയിരിക്കുന്നു. അതിനർത്ഥം ഹിംസയിലേക്ക് തിരിയണമെന്നല്ല. ജനാധിപത്യം എന്നൊരു മഹത്തായ ആയുധം നമ്മുടെ കൈയ്യിലുണ്ട്. അത് നേരായ മാർഗ്ഗത്തിൽ ഉപയോഗിക്കുക എന്നതാണ് ഈ നാട്ടിലെ ഓരോ പൗരനും ചെയ്യേണ്ടത് .
"ആദ്യം വീട് നന്നാക്കണം എന്നിട്ട് നാട് നന്നാക്കാൻ ഇറങ്ങണം." എന്ന് പഴമക്കാർ പറയുന്നൊരു ചൊല്ലുണ്ട്. അത് വെറുമൊരു അതിശയോക്തി അല്ലെന്നു പലപ്പോഴായി തോന്നിട്ടുണ്ട്. കേന്ദ്രത്തിലെ അഴിമതിയെ ചൊല്ലി വാചാലരാവുന്ന നമ്മൾ എപ്പോഴെങ്കിലും നമ്മുടെ പഞ്ചായത്തുകളുടെ സ്ഥിതിയെ കുറിച്ചോർക്കാൻ ശ്രമിച്ചിട്ടുണ്ടോ? നമ്മൾ പലപ്പോഴായി നിസ്സാരമെന്നു തള്ളികളയുന്ന ചെറിയ അഴിമതികളാണ് പിന്നീട് നടത്താനിരിക്കുന്ന വല്യ അഴിമതികൾക്കു വളമായി മാറുന്നത്. മുടങ്ങിപ്പോയ പാതയുടെ പണി മൂലം ഇപ്പോഴും കണ്ടങ്ങളിലെ ചെളിയും ചേറും പുരണ്ട് നടക്കേണ്ടിവരുന്ന ഗ്രാമങ്ങൾ പലതുണ്ട് നമ്മുടെ നാട്ടിൽ. തോട് മുറിച്ചുകടക്കാൻ പാലം പോലുമില്ലാതെ സ്കൂളിലേക്ക് നനഞ്ഞു വിരങ്ങലിച്ചെത്തുന്ന കുരുന്നുകളുടെ എണ്ണവും വിരളമല്ല. ഇതിനെ കുറിച്ചൊക്കെ നമ്മൾ എപ്പോഴെങ്കിലും പഞ്ചായത്ത് മെമ്പർമാരെ ചോദ്യംചെയ്തിട്ടുണ്ടോ? നമ്മളിൽ പലർക്കുമുള്ള പ്രശ്നമാണ് ആരാദ്യം ചോദിക്കുമെന്നുള്ളത്. നമ്മുടെ മൗനമൊ അവർക്ക് കൂടുതൽ ഊർജമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പ്രതികരണത്തിന്റെ വിത്തുകൾ മുളയ്ക്കേണ്ടതും ഇവിടുന്നു തന്നെയാണ്. ചോദ്യംചെയ്യാൻ യാതൊരു അമാന്ദ്യത്തിന്റെയും ആവശ്യമില്ല കാരണം അത് നമ്മുടെ അവകാശമാണ്. നമ്മുടെ അവകാശങ്ങൾ ചൂഷണം ചെയ്യപെടാതിരിക്കണമെങ്കിൽ നാം തന്നെ നമ്മുക്ക് വേണ്ടി ശബ്ദം ഉയർത്തിയെ മതിയാകു.
ഒറ്റ രാത്രി കൊണ്ട് ഇവിടം ഒരു സ്വർഗമായി മാറണമെന്നൊന്നും ഒരു പൗരനും ആവശ്യപ്പെടുന്നില്ല. പക്ഷെ ജോലി കഴിഞ്ഞു അവശനായി മടങ്ങുമ്പോൾ ഗതാഗത കുരുക്കിലൊന്നും പെടാതെ സമയത്തിന് വീട്ടിലെത്താൻ സാധിച്ചാൽ, നമ്മുടെ സ്ത്രീജനങ്ങൽക്കൊക്കെ സധൈര്യം നഗരങ്ങളിലൂടെ സഞ്ചരിക്കാനായാൽ ഒരു പക്ഷെ അതാവും ഈ നാട്ടിലെ സാദാരണക്കാരനു ഏറ്റവും വലിയ വികസനം. ഇത്രപോലും നിരസിക്കപ്പെട്ടൊരു ജനതയാണ് നമ്മുടേത്. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന് കേട്ടിട്ടില്ലെ? അതുകൊണ്ട് നമ്മൾ ഇനിയും മൌനിതരായി നിൽക്കരുത് കൂട്ടുകാരെ.
നമ്മൾ ചെയ്യുന്ന വോട്ട്, അതാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്. ആ വോട്ട് നമ്മുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവണൊ അതൊ അവസാനത്തെ കച്ചിത്തുരുമ്പാവണൊ എന്ന തീരുമാനം നമ്മുടേതാണ്. അരക്കള്ളന്മാരുടെയും മുക്കാൽക്കള്ളന്മാരുടെയും കൈയ്യിൽ നിന്ന് എന്ന് ഈ രാജ്യവും ജനതയും മുക്തി നേടുന്നോവോ അന്നേ ദിവസമാണ് യഥാർത്ഥ സ്വാതന്ത്ര്യ ദിനം.
ജയ് ഹിന്ദ്
കമൽ പിള്ള
Comments
Peace,Love,unity,Respect.