ബാല്യകാലം ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഭാഗ്യവാന്മാരെ ഭാഗ്യവതികളെ, നഷ്ടപ്പെട്ട ബാല്യത്തെ ഓർക്കുന്നവരെ, ഒരിക്കലും നശിക്കാത്ത ബാല്യവുമായി ജീവിക്കുന്നവരെ...
ജീവിതം എന്ന ചുരുങ്ങിയ കാലയളവിനെ വിശേഷിപ്പിക്കാൻ തന്നെ നമ്മുക്ക് ഒരു പാട് പദങ്ങൾ ഉണ്ട്. ബാല്യം, കൗമാരം ,യുവ ത്ത്വം, പിന്നെ അങ്ങോട്ട് വിരസമായ കുറെ കാലം. (വിരസതയെ അതിജീവിക്കുന്നവർ ഒരുപാട് ) അവയ്ക്കുമുണ്ട് പേരുകൾ.
പക്ഷെ ജീവിതത്തെ ആദ്യമായി അറിയുന്ന കാലഘട്ടങ്ങൾ ആദ്യത്തെ രണ്ടാണ്. അതിൽ തന്നെ ബാല്യത്തിലെ സ്മരണകൾ ,മനസ്സിന്റെ അടിത്തട്ടിൽ പതിഞ്ഞ ചില വിശ്വാസങ്ങൾ, സ്വപ്നങ്ങൾ, അവയാണ് പിന്നീടുള്ള ജീവിതത്തിന് നിറം പകരുന്നത്. അവയിൽ പലതും തെറ്റായിരുന്നെനറിയുന്നത് വരെ; പലപ്പോഴും അതിന് ശേഷവും അവ സത്യമായി തന്നെ തുടരട്ടെ എന്ന് നാം ആഗ്രഹിക്കാറുണ്ട്.
നിഷ്കളങ്കമായ കണ്ണുകളിലൂടെ ഇനി ഒരിക്കലും അതുപോലെ ചുറ്റുമുള്ളവയെ കാണാൻ സാധിക്കില്ലല്ലൊ എന്നോർക്കുമ്പോൾ പലപ്പോഴും ഞാൻ ആ കടന്ന് പോയ ബാല്യത്തെ ഓർക്കാറുണ്ട്. ഒത്തുകൂടി ആർത്തു ചിരിച്ച തമാശകൾ ഓർത്ത് മന്ദഹസിക്കാറുണ്ട്, പഴയ ചില ദുസ്സ്വപ്നങ്ങൾ ഓർത്ത് ഭയപ്പെടാറുണ്ട്, നമ്മുടെ ജീവിതത്തിലെ അവരുടെ പങ്ക് തീർത്ത് എങ്ങോട്ടെന്നറിയാതെ മാഞ്ഞവരെ ഓർക്കാറുണ്ട്.
ഇന്ന് ജീവിതത്തിൽ ഏറ്റുമധികം സന്തോഷം നൽകിയ, അനുഭവങ്ങൾ തന്ന, സൗഹൃദത്തിന്റെ ബന്ധങ്ങളുടെ വില പഠിപ്പിച്ച ഈ വീട്ട് മുറ്റത്ത് നിൽകുമ്പോൾ; ഒരിക്കൽ ഭയത്തോടെ മാത്രം നടന്ന ഇടനാഴികളിൽ, ഇന്ന് അതിന്റെ കാലപഴക്കം തേടുമ്പോൾ; ഒന്നിച്ചിരുന്ന് കളിച്ചും ചിരിച്ചും സൊറ പറഞ്ഞും സമയം കളഞ്ഞ മുറികളിൽ ഇന്ന് ഏകനായി ഇരുന്ന് ഓർക്കുമ്പോൾ; ജീവിതത്തിന്റെ ,വളർച്ചയുടെ ഭാഗമായി എന്നുമുണ്ടായിരുന്ന ഈ നന്മ വീട് നാളെ ഇവിടെ ഇല്ല എന്ന വാസ്തവത്തെ ഉൾക്കൊള്ളാൻ എന്തോ മനസ്സ് വിസ്സമതിക്കുന്നത് പോലെ.
അതെ മാറ്റങ്ങൾ അനിവാര്യമാണ്, പക്ഷെ അവ നമ്മുടെ ചിന്തകളുടെ അടിസ്ഥാനമായി നിന്ന ചിലതിന്റേതാകുമ്പോൾ അവ മാറ്റങ്ങളല്ല, നമ്മുടെ അടിസ്ഥാനത്തെ, നിലനിൽപ്പിനെ വരെ ബാധിക്കുന്ന വിപത്തുക്കളാണ്. നഷ്ടമാകുന്നത് ബാഹ്യമായ എന്തൊ ഒന്ന് അല്ല, കല്ലിലും മണ്ണിലും മരത്തിലും തീർത്ത ഒരു കെട്ടിടം എന്നതിലുപരി ഒരുപാട് ജീവിതങ്ങളുടെ വികാരവിചാരങ്ങളും, ആശ പ്രതീക്ഷകളും എല്ലാമായി നിലകൊണ്ടിരുന്ന ഒരു തണൽ മരമാണ്. ഇന്ന് കൂടെയില്ലാത്ത ഒരുപാട് പേരുടെ ഓർമ്മകളാണ്.
തലമുറകൾക്ക് കൂട്ടായി നിലനിന്ന, അവരുടെ വളർച്ചയെ വാത്സല്യത്തോടെ നോക്കി കണ്ട ' തറവാട് ' കൾ ഇനി വരുന്ന തലമുറകൾക്ക് ആന്യമാകുകയാണല്ലൊ എന്ന് ചിന്തിച്ച് പോകുകയാണ്. ബാല്യത്തെ നിറത്തിൽ ചാലിച്ചിരുന്ന, അനുഭവങ്ങൾ സമ്മാനിച്ചിരുന്ന, നുണ കഥകളും മുത്തശ്ശി കഥകളും തങ്ങി നിന്നിരുന്ന, കുട്ടികളിലെന്നും ഭയം സൃഷ്ടിച്ചിരുന്ന തറവാടുകൾക്ക് പകരവും ഇനി കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഒക്കെ ആകുമായിരിക്കാം.
ഇനി ഒരുപക്ഷെ ഇവിടെ ഇങ്ങനെ ഏകാകിയായി തുറന്നിട്ട ജാലകങ്ങൾക്കും വൃദ്ധരായ ചാരുകസേരക്കും മേശക്കും ഒക്കെ നടുവിൽ ഇങ്ങനെ ഓർമ്മകളിലേക്ക് ഊളിയിടാൻ ഒരു അവസരം ലഭിക്കില്ലായിരിക്കും. എല്ലാം മായ്ക്കുന്ന കാലം ഇതും മായിച്ചു കളയട്ടെ.....
Comments