ഇത് ഒരു ഞൊടിയിടയിലെ ചിന്തയുടെ വികാസമാണ്. അങ്ങനെ മാത്രം കണ്ടാൽ മതി.
സ്വപ്നങ്ങൾക്ക് എപ്പോഴും ആകാശത്തിന്റെ ഉയരമാണ്, വിസ്തൃതിയാണ്. അതു കൊണ്ടു തന്നെ അവക്ക് അതിരുകളില്ല എന്ന് പറയാം. കലാം സർ പറയുന്നു, "ഉറങ്ങുമ്പോൾ കാണുന്നതല്ല, മറിച്ച് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം " എന്ന് . ഒരു കാര്യം വളരെ സത്യമാണ് ഉറക്കത്തിൽ മാത്രമല്ല സ്വപ്നം കാണുന്നത്. ഓരോ നിമിഷവും സ്വപ്നങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നവരും ഉണ്ട്.
അതേ സമയം യാഥാർത്ഥ്യം മാത്രം മുന്നിൽ കാണുന്ന വ്യക്തികളുണ്ട്. അവർ പ്രാക്ടിക്കൽ ആണെന്ന് പറയും. ഈ ഗണത്തിൽ പെടുന്നവർ സ്വപ്നം കാണാറില്ലെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാൻ ആദ്യത്തെ വർഗ്ഗത്തിന്റെ കോർട്ടിൽ നിൽക്കുന്നു. ആദ്യത്തെ തരത്തിലുള്ള സ്വപ്നജീവികളെ ആകാശത്തിലേക്ക് സ്വപ്നങ്ങളുമായി മേയാൻ വിടുമ്പോൾ, പ്രാക്ടിക്കൽ ആയവരെ ഭൂമിയുമായി താരതമ്യം ചെയ്യാം. അവർക്ക് ഭൂമി പോലെ തന്നെ അതിരുകളുണ്ട്. ആദ്യത്തെ ഗണത്തെ പോലെ അവർക്ക് പറക്കാൻ കഴിയില്ല.
ഏകാന്തതയോ ക്രിയാത്മകതയോ എല്ലാമാണ് സ്വപ്ന ജീവികളെ സൃഷ്ടിക്കുന്നതെന്നും, നിത്യജീവിതത്തിന്റെ വിരസതയും ആകുലതയുമാണ് മറ്റെ വർഗ്ഗത്തെ ഉരുവാക്കുന്നതെന്നും ഞാൻ പറഞ്ഞാൽ എത്ര പേർ അംഗീകരിക്കും എന്ന് എനിക്കറിയില്ല. എന്തു തന്നെയായാലും സ്വപ്നങ്ങൾ കാണണം, സ്വപ്നത്തിൽ ജീവിച്ചില്ലെങ്കിൽ പോലും.
ഏതളവു വരെ സ്വപ്നം കാണുന്ന വരെയും ഞാൻ അംഗീകരിക്കും, അതൊരുപക്ഷെ എന്നിലെ സ്വപ്നങ്ങളോടുള്ള താത്പര്യം കൊണ്ടാകാം. പക്ഷെ സ്വപ്നത്തിന്റെ വർണ്ണ ചിറകുകൾക്ക് താങ്ങാനാവാതെ ഉയരത്തിൽ പറന്ന് പലരും അപകടം വരുത്തിവെച്ചിട്ടുണ്ട്. എന്നാൽ യാഥാർത്യത്തെ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്നവരെയും ഒരു സമൂഹം അംഗീകരിക്കും എന്ന് ഞാൻ കരുതുന്നില്ല.
ഒരു ആട്ടുകട്ടിൽ അഥവാ ഊഞ്ഞാലാണ് സുരക്ഷിതമായ ഇടം. ഉയരത്തിലേക്ക് പറക്കേണ്ടവർക്ക് ഉയരാം, താഴെ മുട്ടാനുള്ള സാധ്യതയുമില്ല. യാഥാർത്ഥ്യത്തിൽ മാത്രം വിശ്വസിക്കുന്ന ചിന്തിക്കുന്ന യുക്തിവിചാരം നടത്തുന്ന ഒരാൾ; അങ്ങനെ സാധ്യമാണോ എന്ന് പോലും എനിക്ക് അറിയില്ല. ആണെങ്കിൽ തന്നെ അയാൾക്കുള്ള അതിരുകൾ അയാളുടെ മൂക്കിൻ തുമ്പ് വരെയാണ്. കണ്ണിന് മുമ്പിലെത്തിയാൽ അയാൾ അത് കാണും അത് നേരിടും.
അയാൾ എങ്ങനെ ചിന്തിക്കും ലക്ഷ്യങ്ങൾ വെക്കും. ഒരു പക്ഷെ പ്രാക്ടിക്കലുകളിലും അല്പമെങ്കിലും സ്വപ്ന സാദ്ധ്യത കാണുമായിരിക്കും അല്ലെ?
ഞാൻ പറഞ്ഞല്ലൊ ഇതെന്റെ തലച്ചോറിനുള്ളിൽ ഏതോ രണ്ട് ശക്തികൾ തമ്മിലുള്ള കിടമത്സരത്തിനിടയിൽ തെളിഞ്ഞ ഒരു മിന്നലാണ്. ഇതിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്നും എത്രത്തോളം ഉണ്ടെന്നും എനിക്കറിയില്ല. വായിക്കുന്നവർക്ക് തീരുമാനിക്കാം.
ഞാൻ ആകാശത്തല്ലെങ്കിൽ നിങ്ങൾക്കും ചിന്തിക്കാം ഭൂമിയേക്കാൾ അല്പം കൂടി നല്ലത് ഒരു ഊഞ്ഞാൽ പൊക്കമല്ലെ എന്ന്.
-മനു ഏന്റോ ഫ്രാൻസിസ്
Comments