'ദൃശ്യം' മനുഷ്യനെ എന്നും ആകർഷിക്കാൻ പ്രത്യേക കഴിവുള്ള ഒന്നാണ്. കാര്യം പറയുമ്പോൾ മറ്റേതൊരു ഇന്ദ്രീയത്തിനെ പോലെയേ ഉള്ളു എങ്കിലും ഒന്നു ചിന്തിച്ചാൽ അത് ഒരു സംഭവമാണ്. ശബ്ദം, അതിന്റെ ഉന്നത തലത്തിൽ നിൽക്കുന്ന സംഗീതം. അത് മനസ്സിനെ വിവിധ തലങ്ങളിലേക്ക് കൊണ്ടു പോകുന്നു. അതുപോലെ തന്നെ ദൃശ്യം മനുഷ്യനെ വളരെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ് .
കണ്ട മുഖങ്ങൾ ഓർത്തെടുക്കുന്നത്, സിനിമാ രംഗങ്ങൾ മായാതെ മനസ്സിൽ കിടക്കുന്നത് ഇതിനെല്ലാം പിന്നിൽ ഈ ദൃശ്യങ്ങൾ നമ്മിലുണ്ടാക്കുന്ന impact ആണ്. വായിച്ചും കേട്ടും പഠിക്കുന്നതിനേക്കാൾ അവ പടങ്ങളായോ ചലനചിത്രങ്ങളായോ പഠിക്കുമ്പോൾ കൂടുതൽ ഓർമ്മനിൽക്കുന്നതിന്റെ കാരണവും ഇതാണ്.
ഇതിനെ നമ്മൾ ദൃശ്യഭാഷ എന്നും പറയാറുണ്ട്. ഈ ദൃശ്യഭാഷ നല്ല രീതിയിൽ ഉള്ളവരും, അവ നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാവുന്നവരും ആയവർ രൂപം കൊടുക്കുന്ന ദൃശ്യ സൃഷ്ടികൾ ക്ക് അവ കാണുന്നവരിൽ വലിയ സ്വാധീനം ചലുത്താൻ കഴിയും.
ചില സ്ഥലങ്ങൾ കാണാനുള്ള അഗ്രഹങ്ങൾ, ചില കഥാപാത്രങ്ങൾ, അവരുടെ സ്വഭാവരീതികൾ, സൗന്ദര്യ സങ്കൽപങ്ങൾ എല്ലാം ഇന്നത്തെ രീതിയിൽ കൊണ്ട് വന്നത് ഈ തരത്തിലുള്ള ദൃശ്യങ്ങളാണ്. ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ ( മലയാളികളുടെ കാര്യം പറയാം) ചിന്തകളുടെ, വികാരങ്ങളുടെ എല്ലാം അടിസ്ഥാനമായി നിൽക്കുന്ന മംഗലശ്ശേരി നീലകണ്ഠൻ, പൂവള്ളി ഇന്ദുചൂടൻ, സേതുരാമയ്യർ, ഭരത്ചന്ദ്രൻ അങ്ങനെ ഒരു പാട് കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, വീടുകൾ ഇതെല്ലാം ഈ ദൃശ്യഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് .
എല്ലാം നല്ലത് തന്നെ. പക്ഷെ പറയാൻ ഉദ്ദേശിച്ചത് ദൃശ്യഭാഷയെ മാത്രം മുന്നിൽ കണ്ട് കൊണ്ട് മുന്നോട്ടു പോകുന്ന കുറെ പേരെയെങ്കിലും പറ്റിയാണ്. 'ചുണ്ണാമ്പ് തേക്കുന്നു' എന്ന് പറഞ്ഞ് പ്രായമായവർ കളിയാക്കും എങ്കിലും, നമുക്കറിയാം സ്മാർട്ട് ഫോൺ, ടാബ്ലറ്റ്സ് മുതലായവ നൽകുന്ന സൗകര്യങ്ങളും സഹായങ്ങളും അറിവുകളും.
എന്നാൽ e -book അല്ലെങ്കിൽ വായന സൗകര്യം ഇവയിൽ ഉണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നവരെ അധികം കാണാറില്ല. വിവരവും വിജ്ഞാനവും എല്ലാം യുവ തലമുറക്ക് ലഭിക്കുന്നത് ദൃശ്യഭാഷയിലൂടെയാണ് . ആരോ ദൃശ്യവൽക്കരിച്ചവ എന്ന് പറയാം. പ്രേമം കണ്ടവരെല്ലാം താടി വളർത്തി, ചാർളി കണ്ടവരെല്ലാം അത്തരത്തിൽ വേഷം ധരിച്ചു, തെറ്റില്ല. പക്ഷെ അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്.
യുവ തലമുറക്ക് ഇന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ല. അവർ ഇപ്പോൾ അനുകരിക്കുകയാണ്. അവർക്ക് Hero കളെ കാണാം. അവരേപ്പോലെ നടന്നാൽ മതി.
വരിക്കാശ്ശേരി മന മലയാളികളുടെ എല്ലാം മനസ്സിൽ തറവാടാണ്. എന്നാൽ അത് സൃഷ്ടിച്ചത്, അതിനെ ദൃശ്യവൽകരിച്ചത്, 'ചിന്തിച്ച' കുറെ ആശാരിമാരും, സംവിധായകരും എല്ലാമാണ്.
ചരിത്ര കഥാപാത്രങ്ങളും, ചരിത്രത്തിൽ ഇടം പിടിച്ച സ്ഥലങ്ങളും ദൃശ്യത്തിൽ വന്നത് പലപ്പോഴും അത് ആലോചിച്ച് സ്വപ്നം കണ്ട തലകളിൽ നിന്നാണ്. വായിച്ച് കേട്ട കഥകൾ കൺമുമ്പിൽ വന്നത്, ആ കഥ ഒരുവന്റെ മനസ്സിൽ സൃഷ്ടിച്ചു ദൃശ്യത്തിൽ നിന്നാണ്. ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കാം, പക്ഷെ അവ അനുകരിക്കാനും , ചിന്തകളുടെ കഴുത്തറക്കാനുമുള്ളവയാവരുത്.
ആരോ ചിന്തിച്ചതും സ്വപ്നം കണ്ടതുമായ ദൃശ്യങ്ങൾ നിങ്ങളെ ഇത്രമാത്രം സ്വാധീനിക്കുനെങ്കിൽ, സ്വയം ഒരു ദൃശ്യം സൃഷ്ടിക്കാൻ കഴിയണം. അതിന് അടിത്തറ പാകാൻ വായന അത്യാവശ്യമാണ്. പഠനം ദൃശ്യത്തിലൂടെ ആവാം, പക്ഷെ ചിന്തകളും, സ്വപ്നം കാണലും മറ്റൊരാളുടെ സൃഷ്ടിയിലൂടെ ആവരുത്. അതിന് വ്യക്തിത്വം വേണം.
കണ്ട് മറന്ന ചിത്രങ്ങളിൽ സംവിധായകൻ നായകന് നൽകിയവയാവരുത് നിങ്ങൾക്ക് സ്വപ്നങ്ങളിൽ നിങ്ങളുടെ കഥാപാത്രങ്ങൾക്ക് നൽകാനുള്ളത്. വായിക്കുക അവയെ സ്വയം ദൃശ്യവൽക്കരിക്കുക, കണ്ടവയുടെ സ്വാധീനം ഇല്ലാതെ. LCD ഡിസ്പ്ലേകളിൽ നിന്ന് ഇടക്ക് പുറത്തേക്ക് നോക്കുക, ഇയർ ഫോണില്ലാതെ കുറച്ച് ചുറ്റുപാടിനെ കേൾക്കുക. നിങ്ങൾക്കും സ്വപ്നങ്ങൾക്ക് ചിറക് നൽകാം. വൈകരുത്, കണ്ണുകളെ ഭ്രമിപ്പിക്കാൻ ദൃശ്യങ്ങൾക്ക് കഴിവുണ്ട്.
കണ്ണിന് മുമ്പിൽ ഒരു സ്ക്രീൻ ഉള്ളത് പോലെ, ഇനി മുതൽ പുറകിൽ ഒരു സ്റ്റേജ് ആവാം. അവിടെ നിങ്ങൾ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ പരിശീലിക്കണം.
മനു ഏന്റോ ഫ്രാൻസീസ്
Comments