നിന്റെ രാഷ്ട്രീയം ഒരിക്കലും നമ്മുടെ രാഷ്ട്രീയം ആകുന്നില്ല. അത് വ്യക്തിത്വം പോലെ ആണ്. അനേകം സാമ്യതകളും, സമാനതകളും അവയ്ക്ക് തമ്മിൽ ഉണ്ടാകാം. പക്ഷെ അത്ര തന്നെ അസമാനതകളും അവ തമ്മിൽ ഉണ്ട് എന്ന തിരിച്ചറിവാണ് വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടത്.
അസമാനതകളെ അവഗണിച്ച് കൊണ്ട് സമാനതകളെ ഉയർത്തിപ്പിടിക്കുമ്പോഴാണ് പലപ്പോഴും വ്യക്തിത്വമില്ലാത്ത രാഷ്ട്രീയ നിലപാടുകളിൽ പൗരൻ ചെന്നെത്തുന്നത്. അത് രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണ്. അസമാനതകൾ ചിന്താവിഷയമാകുമ്പോൾ ചോദ്യങ്ങൾ ഉയരും. പലപ്പോഴും ഉള്ളിൽ നിന്നുള്ള അത്തരം ചോദ്യങ്ങൾക്ക് സമാനതകളെ ഭേദിച്ച് പുതിയ രാഷ്ട്രീയ അവബോധം നൽകാൻ കഴിയും.
കസേരകളിയിൽ വ്യാപൃതരായവർക്ക് ഒരിക്കലും അനുവദിക്കാൻ കഴിയാത്ത ഒന്നാണ് ഇത്തരം ചോദ്യങ്ങൾ. അതിനാൽ ചൂഷണസാധ്യത ഒരുപാടുള്ള സമാനതകളിൽ അവർ സധാ ചുരണ്ടിക്കൊണ്ടിരിക്കും. അസമാനതകൾ ഒരുപാട് ഉണ്ടെങ്കിലും, ഒട്ടും സമാനത ഇല്ലാത്ത മറ്റൊരു രാഷ്ട്രീയ നിലപാടിനേക്കാൾ ഭേദമല്ലെ ബോധപൂർവ്വം അസമാനതകളെ മറന്ന് സമാനതകളെ മുറുകെ പിടിക്കുന്നത് എന്ന് ചൂഷിതവർഗ്ഗം ചിന്തിക്കും.
അത്തരത്തിൽ പൗരന്റെ രാഷ്ട്രീയ നിലപാട് സമാനതകൾ മാത്രമായി മാറും.
ഇതെല്ലാം രാഷ്ട്രീയത്തിൽ താത്പര്യം ഉള്ളവർക്കല്ലെ, Im not interested in politics - നിങ്ങളാണ് ഇവിടെ തുറുപ്പുഗുലാൻ. മറ്റ് കൂട്ടർക്ക് തെറ്റോ ശരിയോ അവരുടേതായ ഒരു നിലപാട് ഉണ്ട്. വരയിൽ നിൽക്കുന്ന നിങ്ങളാണ് ചൂഷകരുടെ പ്രധാന ലക്ഷ്യം. നിങ്ങളിലെ സമാനതകളെ കണ്ടെത്തി അതിൽ കൃത്യമായി തൊട്ടാൽ നിങ്ങളും ചോദ്യം ചെയ്യാതെ അസമാനതകളെ മറന്ന് ഭൂരിപക്ഷത്തിന്റെ സമാനതകളോട് ചേർന്നു നിൽക്കും. കൃത്യമായി ആലോചിച്ചായിരിക്കും ഭൂരിപക്ഷത്തെ തിരഞ്ഞെടുക്കുന്നത്. സാമ്പത്തികം, സംവരണം, മതം - വ്യക്തമായി സമൂഹത്തെ വേർത്തിരിക്കാവുന്ന എന്തുമാകാം സമാന ആശയമായി തിരഞ്ഞെടുക്കുക.
ചിന്തിക്കേണ്ടത് അസമാനതകളെ കുറിച്ചാണ്. സമാനമായ ഒരു ആശയത്തിന് വേണ്ടി ബോധപൂർവ്വം മറക്കുന്ന അസമാന ആശയങ്ങളെ. ചോദ്യങ്ങൾ ഉയരാതെ സമാനതകൾ തേടുനിടത്തോളം ചൂഷണം തുടർന്നുകൊണ്ടേയിരിക്കും.' നമ്മുടെ ' രാഷ്ട്രീയങ്ങൾ ആണ് തകർക്കപ്പെടേണ്ടത്. എന്റെ അഭിപ്രായങ്ങൾ മാനിക്കപ്പെടാത്തിടത്തോളം, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാത്തിടത്തോളം, എന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തിടത്തോളം അസമാനതകൾ തുടരുന്നു.
എന്റെ രാഷ്ട്രിയം എന്റേതും, നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടേതുമാണ്. അത് ഒരിക്കലും 'നമ്മുടെ ' രാഷ്ട്രീയം ആകുന്നില്ല.
Comments