1. പള്ളിയകത്തെ ഈച്ച
ഇരുന്നു നേരം പോയതറിഞ്ഞില്ല. മറ്റേത് കല്ലറക്കരികിൽ സ്വല്പം ഇരുന്നു നടക്കാൻ ഇറങ്ങാറുള്ളത. ഇന്നെന്തോ, ഇരിക്കാൻ പ്രത്യേക ഒരു സുഖം. അളിഞ്ഞ പൂവിന്റെ നാറ്റോം, പുകമണോം ഒന്നും ഇല്ല. അങ്ങിരുന്ന് പോയി, അതാ നേര്. ഇതിപ്പോ നേരം പുലർന്നു. പൈലി മാപ്ല മുട്ടിൽ ഊന്നി എഴുനേറ്റു. ഏതായാലും നേരം ഇത്രേം ആയി. ഇനിപ്പോ പള്ളീൽ ഒന്നു കേറിയെച്ചും പോവാം. കുർബാനക്ക് നേരം ആയിട്ടും പള്ളിയിൽ വെട്ടോം വെളിച്ചോം ഒന്നും കാണാനില്ല, വാതിലുകളും എല്ലാം തുറന്നിട്ടില്ല. ഇനി പുത്യ അച്ഛൻ വീണ്ടും കുർബാനേടെ നേരം മാറ്റിയോ!
സംശയം തീരാതെ മാപ്ല വശത്തെ ആകെ തുറന്ന വാതിലിൽ കൂടി അകത്തേക്ക് കയറി. അച്ചോട, ദേണ്ടെ അച്ഛൻ ഒറ്റക്ക് നിന്ന് കുർബാന ചൊല്ലുന്നു. ഇത് നല്ല ചേലായി, താനുള്ള കാലത്തെ പോലെ ഇപ്പൊ ആളില്ലെന്നു അറിയാം, എന്നാലും ഇതിപ്പോ എന്നാ ഒരു ഇതാ. ആളില്ലാതെ ഈ നേരത്ത് പള്ളി മാപ്ല ആദ്യമായി കാണുവ, അതും ഒരു അച്ഛൻ നിന്ന് കുർബാന ചൊല്ലുമ്പോ. അച്ഛന്റെ മുന്നിൽ ഒരു ഈച്ച കിടന്നു കളി തുടങ്ങി. അച്ഛൻ വീശിയപ്പോൾ അത് പള്ളിക്കകത്ത് മുഴുവൻ പറന്നു നടക്കാൻ തുടങ്ങി. പള്ളിയകത്തെ ഈച്ച ഇത്രയേ ഉള്ളൂ. കുറച്ച് നേരം അച്ഛന്റെ ഒറ്റക്കുള്ള കുർബാന നോക്കി നിന്ന് പൈലി മാപ്ല പതുക്കെ എണീറ്റു പുറത്തേക്ക് നടന്നു. എന്നാലും ഇന്നാട്ടിലെ ഇക്കണ്ട നസറാണികൾ ഒക്കെ എന്ത്യെ.
2. ഏലിക്കുട്ടി നിനക്കൊരു പ്രണയകാവ്യം
പള്ളിവളവു കഴിഞ്ഞു പിന്നേം നടന്നിട്ടും അപ്പന്റെ മോൻ ശങ്കരനെ കണ്ടില്ലല്ലോ. ന്റെ വർഗീസിന്റെ കൂടെ അല്ലെ അവൻ, എങ്ങനെ ആയാലും ഒരു അമ്പത് ആയിണ്ടാവും . എന്താ ഓരോരുത്തരടെ തലേലെഴുത്ത്, കണക്കില് അവന്റെ അച്ഛൻ അപ്പനെക്കാൾ കേമനാ ചെക്കൻ. ഇപ്പൊ പാല് വിറ്റാ ജീവിക്കണെ. രാത്രി വരുമ്പോ അവനെ ഒരിക്കലും കാണാറില്ല, അവന്റെ പൈക്കള് മോങ്ങണ കേക്കാം.
പാലം കടക്കുമ്പോ വേഗം സ്വല്പം കുറഞ്ഞു, എത്ര കടന്ന പാലാ ഇത്. അന്ന് തടി പാലാ. ബേഗും തൂക്കി, കോരന്റൊപ്പം ഏലീനെ കൂട്ടാൻ എത്ര വട്ടം ഇത് കടന്നിരിക്കുന്നു. കോരൻ മൂനിലു പഠിപ്പ് നിർത്ത്യെപ്പിന്നെ ഏലീടെ കയ്യും പിടിച്ച്...
പഴയ നീളത്തിലുള്ള ജനൽകമ്പിയുള്ള ആ വരാന്ത ഇപ്പോഴും ഉള്ളത് നന്നായി എന്ന് എപ്പോഴും തോന്നാറുണ്ട്. പണ്ട് അവള് വരുന്ന വരെ തൂങ്ങി നിന്നിരുന്ന ആ ജനലഴി മാത്രേ ഇപ്പൊ ഇവിടെ തന്നെ അറിയുന്നുള്ളു. ഏലിക്കുട്ടി അകത്തു കിടപ്പുണ്ട്. എത്ര വർഷായുള്ള കിടപ്പാ പാവം. കൂടെ പോന്നുടെ എന്ന് ഇപ്പഴും ചോദിക്കണ്ട്. അവള് കേക്കണില്ലാന്ന് മാത്രം. ഇടക്ക് തോന്നും അവള് ഞാൻ വരണതും, പറയണതും ഒക്കെ അറിയണണ്ടെന്നു.
ഒരിക്കല് പത്ത് അറുപത് വർഷം മുമ്പ് തോന്നാത്ത ധൈര്യം ഉണ്ടാക്കി അവളോട് എല്ലാം പറഞ്ഞു. 'ദേ നിങ്ങടെ തള്ള കിടന്നു മോങ്ങണ്' , അവൾടെ മരുമോളു പറയുന്നത് കേട്ടു. അതേപിന്നെയാണ് അവളെല്ലാം കേക്കുണൂ എന്നൊരു തോന്നൽ. ഏതായാലും അതിപിന്നെ ഒന്നും അവളോട് പറയാറില്ല. എന്നാലും അറേണ്ടാവും. ഇപ്പൊ ഇന്ന് പതിവില്ലാതെ ഈ പുലർച്ചെ വന്നതും അവളറേണ്ടാവും.
അവൾടെ മോൻ ഇപ്പൊ നേരാംവണ്ണം വീട്ടില് വരുണ്ടാവോ? അതിന്റെ ദേഷ്യണ് ആ കൊച്ചിന്. അതിനെ പറഞ്ഞിട്ട് കാര്യല്ലല്ലോ.
' അച്ചായ അമ്മച്ചിക്ക് ദേ ഈ കടുംചായ ഒന്നു കൊടുത്തെ, ഞാൻ ചക്കക്കുരു നന്നാക്കട്ടെ'. എന്റെ പൊന്നച്ചോ ദേ അവടെ മോൻ ജോസപ്പ്. കുഞ്ഞാടിനെ പോലെ ആ പെണ്ണ് പറയുന്ന കേക്കുന്നു.
അറിയാതെ ഒരു ചിരി ചുണ്ട് നനയിച്ചു, കണ്ണും.
3. കോളാമ്പിക്കൊരു കൂട്ട്
വീട്ടിലേക്കെന്ന പേരിലാണ് ഇപ്പഴും വരുന്നത്, പക്ഷെ ഏറ്റവും നിൽക്കാൻ തോന്നാത്തതും എവിടെ തന്ന്യണ്. മൂത്തോന്റെ ഭാര്യ മോളികുട്ടീം, സെബാസ്റ്റ്യന്റെ ഭാര്യ ബീനേം കണ്ടാൽ അടിയാ, വർഗ്ഗീസിനും , സെബാസ്റ്റ്യനും അത് നോക്കാൻ പോലും നേരം ഇല്ല. ഒരുത്തൻ രാവിലെ കടയില് പോവും, മറ്റവൻ മില്ലിലും. ഭാഗ്യത്തിന് അവര് തമ്മില് തല്ലില്ല. എന്ന വല്ല്യ മിണ്ടാട്ടോം ല്ല്യ.
അല്ല, എന്നാലും ഇപ്പൊ മണി 7 കഴിഞ്ഞു, ഒരു മനുഷ്യന്റെ കുട്ടിനെ ഇവിടൊന്നും കാണല്ല്യലോ! മുറ്റത്ത് ചാരുകസേരയിൽ കിടക്കണണ്ടാവും ന്റ മറിയ. താഴെ കോളാമ്പീം. അവൾക്ക് ആകെ ഇവിടെ മിണ്ടാനും പറയാനും കൂട്ട് ആ കോളാമ്പ്യണെന്ന് തോന്നും. അല്ല നേരെ തിരിച്ചാ ശരി. ന്റപ്പൻ പോയെപ്പിന്നെ ഞാനും, ഇപ്പൊ അവളും. മുത്തപ്പൻ കോളാമ്പിക്ക് ഇനി അവളെള്ളു.
അയ്, ഇന്ന് ബഹളം ഒന്നില്യലോ. എന്തൂട്ട ഇവിടെ നടക്കണെ. മോളി എങ്ങാനും വീട്ടില് പോയിണ്ടാവോ?
റൂഹാദ്ധ കുദ്ധിശ തമ്പുരാനെ എന്താ ഞാൻ കാണണെ! മോളീടെ മടീല് ബീന കെടക്കന്നു. മോളിടെ തല മറിയേം, ബീനേടെ തല മോളീം നോക്കുന്നു. എന്തോ ഒരു മാറ്റം ഇവിടൊക്കെ സംഭവിച്ചണ്ട്. ദേ അടുക്കളേല് വർഗ്ഗീസും പിള്ളാരും കഞ്ഞി വെക്കണ്. സെബാസ്റ്റ്യൻ കറിക്കരിയണ്.
ഇത്രേം നാള് വെളുപ്പിന് വരാൻ തോന്നാഞത് കഷ്ടായി. കണ്ടു നിക്കാനാ തോന്നണു. പോവാൻ ആണേൽ നേരോം ആയി. 'കർത്താവേ അദ്ഭുതങ്ങൾ ഒക്കെ ചെയ്തോ, ഇതൊക്കെ കണ്ട് മറിയാമ്മ അങ്ങട് പോരാണ്ടിരുന്ന മതി. അവടെങ്കിലും ലേശം ചെവിതല കേൾക്കാൻ...'
4. അധികാരം തീരുന്നിടം
ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്. പിന്നല്ലാതെ, ചന്ദ്രന് ഇപ്പൊ 70 എങ്കിലും ആയിക്കാണും, ആ ചന്ദ്രന്യാ 30 തികയാത്ത ആ എസ്. ഐ. ഏത്തം ഇടിക്കുന്നെ. കൊറോണ ആണ് പോലും. ശീലിച്ചത് മാറ്റാന്ന പറഞ്ഞ നടപടി ആവുന്ന കാര്യാണോ. ബീഡി വാങ്ങാൻ ഇറങ്ങിയതാ പാവം. പേടിച്ച് ഒടിയതാണേലും നേരത്തിനു എത്തി.
അധികാരം അവസാനിച്ചു ഇതുപോലെ കല്ലറയിലേക്ക് പോകുന്നത് വരെ പിന്നെ ലോകം ഒരു കുമ്പസാരക്കൂടാ. അന്നേ അറിയൂ. വിലാപയാത്രയിൽ ചുറ്റും നടക്കുന്നവരോട് ഒരു വാക്ക് ദണ്ണം പറയാൻ പറ്റിയിരുന്നേൽ എന്ന് തോന്നും.
കല്ലറയിൽ കാലിട്ട് ഇറങ്ങാൻ നിൽക്കുമ്പോഴും അന്ന് കണ്ടതൊന്നും പൈലി മാപ്ലയുടെ കണ്ണീന്ന് മാഞ്ഞില്ല.
ഇതെല്ലാം പണ്ടെ ഇങ്ങനാരുന്നേൽ ബീന മോളിക്കിട്ടെറിഞ്ഞ മുട്ടിപലക തലയിൽ കൊണ്ട് 4 കൊല്ലം മുമ്പ് താൻ ഈ കുഴിയിലും, ഏലിക്കുട്ടി വർഷങ്ങളായി ആ കട്ടിലിലും ഒക്കെ എത്തുമായിരുന്നോ! ആഹ്, എല്ലാം വിധിയാ.
മാപ്ല അവസാനമായി ഒന്നൂടെ പള്ളിക്കു നേരെ നോക്കി. പള്ളിയകം മടുത്ത് ഈച്ച പുറത്ത് ചാടി. തനിക്കും പോവാൻ നേരമായി.
Comments