നാളെ അവിടെ ചെന്നു ചെമ്പകത്തിന്‍റെ കൂടെ കുളത്തില്‍ കുളിക്കാന്‍ പോണം. എത്രനാളായി അവളെ കണ്ടിട്ട്.! ശങ്കരനെയും, വല്ലി അക്കാവേയും പാത്ത കാലം മറന്നു. അവരും കാണും നാളെ എന്ന അമ്മ പറഞ്ഞെ. അപ്പൊ മുന്നാടി പോലെ എല്ലാര്‍ക്കും ഒരുമിച്ച് പോവാം. ചിത്തപ്പാന്‍റെ വാവ വന്നിട്ട് ഇപ്പൊ 8 മാസം ആയി. ഇതുവരെ കണ്ടിട്ട് പോലും ഇല്ല. എടുക്കാന്‍ പറ്റുന്ന പ്രായം ആയികാണുമോ..!
വീട്ടുക്കു പിന്നാടി തോട്ടത്തില്‍ എല്ലാരും കൂടെ പോയി കളിക്കണം. അക്ക ഇനി കളിക്കാന്‍ വരാതിരിക്കുമോ..! പണ്ടാരുന്നേല്‍ പാട്ടി കഥകള്‍ പറഞ്ഞു തന്നേനെ. പേയ് കഥകള്‍. ഇപ്പൊ ആലോചിക്കുമ്പോ അതൊക്കെ സത്യമാണോ എന്നു സംശയമുണ്ട്. പഴയത്ര പേടി ഇല്ല എന്തായാലും. പാട്ടി പൊയ് പറയുമോ..?
പാട്ടി പോയി ഇപ്പൊ 3 വര്‍ഷം ആച്ച്. അന്നേക്ക് താന്‍ തലക്കരക്ക് അവസാനം പോയത്.
' എന്താടി മീനു, നിനക്ക് ഇത്ര ആലോചന? എങ്ങോട്ടാ?
' ഏയ്, ഒന്നൂല സെല്‍വണ്ണ ... നാളെ ഊരുക്ക് പോവ... ചിപ്സ് വാങ്ക പോറേ ...'
' എന്താ പെട്ടെന്ന് ഒരു ഊരുക്ക് പോക്ക്?'
' താത്താവുക്ക് പൊറന്ത നാള്‍... എല്ലാരും വരും ...'
'ശരി ശരി... നടക്കട്ടെ...'
ഇവിടെ എല്ലാര്‍ക്കും തമിഴ് അറിയാം. അക്ക പറഞ്ഞ് , വരുമ്പോ അതാരുന്നു ഏറ്റവും പേടി. തമിഴ് നന്നായി മനസിലാവുന്നോണ്ട് അപ്പാവുക്കും, അമ്മയ്ക്കും ഇവിടെ ജോലി കിട്ടാന്‍ എളുപ്പായി. കോഴിപ്പാറ അതുകൊണ്ട് തന്നെ മീനാക്ഷിക്ക് പുടിച്ചാച്ച്. സ്കൂളിലെ കൂട്ടുകാര്‍ക്കും, വീടിനടുത്തെ ഉഷ മാമിക്കും, ശങ്കരന്‍ സാറിനും എല്ലാം തമിഴ് മനസ്സിലാവും. പിന്നെ ഇപ്പൊ താന്‍ നന്നായി മലയാളം പറയാനും പഠിച്ചു. ഇവിടെ എല്ലാര്‍ക്കും വല്ല്യ കാര്യമാണ്. എതിരുന്താലും അപ്പാവേ വിളിക്കും.
6 വര്‍ഷം ആയി തലക്കരെ വിട്ടു ഇവിടെ വന്നിട്ട്. ഇവിടെ വന്നു ആകെ 4 വാട്ടി താന്‍ അവിടെ പോയിട്ടുള്ളൂ. അപ്പാവുക്കും, ചിത്തപ്പാവുക്കും ഇടയിലെ ശണ്ട ആണെന്നാണ് വല്ലി അക്ക ചെമ്പക ത്തോട് പറഞ്ഞത്. സത്യം ആണെന്ന് തോന്നുന്നില്ല. ആപ്പിടി ഇരുന്താ താത്ത ബര്‍ത്ത് ഡേയ്ക്ക് ഇപ്പൊ കൂപ്പിടുമോ...!
നാളെ ചെല്ലുമ്പോ ഇനി മലയാളം കൂട്ടി തമിഴ് പറയുന്നു എന്നു പറഞ്ഞു എല്ലാരും കളിയാക്കും. കഴിഞ്ഞ വാട്ടി അത് പറഞ്ഞു കുറെ കരഞ്ഞു. ചെമ്പകം മട്ടും അതികം പറഞ്ഞില്ല. ആ ശങ്കരന്‍ ആണ് പ്രശ്നം. ആ എന്തായാലും എല്ലാരേം കാണാലോ. ഒരുമിച്ച് കളിക്കാലോ. എത്ര നാളായി.
---
' തലക്കരെ ... തലക്കരെ...'
' എന്തിരി മീനു, എടം വന്താച്ച്.'
ഇന്നലെ വാങ്ങിയ ചിപ്സും, ഒരു ബാഗില്‍ കുറച്ചു തുണിയും ഉണ്ട് കയ്യില്‍, കുറച്ചു ദൂരം ആയപ്പോഴേക്കും കൈ വലിക്കുന്നുണ്ട്. പക്ഷെ അപ്പാ കൈയിലും അമ്മ കൈയിലും നിറയെ സാമാനം ഇറുക്ക് . കൊഞ്ചം കൂടി അല്ലെ ഉള്ളു. എല്ലാരും എത്തി കാണും എന്നാണ് അമ്മ പറഞ്ഞെ.
ശരവണന്‍ ടീ സ്റ്റാള് മുന്നിലെത്തിയപ്പോള്‍ അറിയാതെ നടത്തത്തിന്റെ വേഗം കുറഞ്ഞു.
സൂട് ഇഡ്ലി, സാമ്പാര്‍, കെട്ട് ചട്ണി... എന്നാ ഒരു സ്മെല്‍...
പുലര്‍ച്ചെ ഇറങ്ങിയതാണ്. വിശക്കുന്നുണ്ട്. മീനാക്ഷിയുടെ നടത്തത്തിന്റെ വേഗം കാര്യമായി കൂടി. വേഗം വീട്ടിലെത്തണം. ചിത്തി എന്താണാവോ സമച്ചിട്ടുള്ളത്!
തോട്ടത്തിന്റെ അറ്റം എത്തിയതും അപ്പാവെ ചിത്തപ്പ വിളിച്ചു. അത്തമാര്‍ രണ്ടുപേരും ചിത്തപ്പ കൂടെ നില്‍പ്പുണ്ട്. അപ്പ കൈയില്‍ ഉണ്ടാരുന്നതെല്ലാം അമ്മക്ക് കൊടുത്തു അങ്ങോട്ട് പോയി. വല്ലി അക്കാവുക്ക് പൈത്ത്യം ആണ്. അപ്പാവും, ചിത്തപ്പാവും ശണ്ട ആണ് പോലും.
പൊങ്കലും, ഇഡ്ളിയും വയറു നിറയെ കഴിച്ചു. ശരവണന്‍ ടീ സ്റ്റാള് മാരി സ്മെല്‍ ഇല്ലേന്നാലും , ടേസ്റ്റ് സൂപ്പര്‍.
നെനച്ച മാരിയെ വന്ന ഉടനെ മലയാളി പൊണ്ണ് ആയെന്നു അക്ക പറഞ്ഞു. ശങ്കരന്‍ അതില്‍ പിടിച്ച് തുടങ്ങുമെന്ന് പേടിച്ചു, പക്ഷെ ചെമ്പകവും, അവനും കളിക്കാന്‍ ആളെ കിട്ടിയ സന്തോഷത്തില്‍ ആരുന്നു. ചെമ്പകം 1 വയസ്സിന് ഇളയതാണെങ്കിലും തന്നെക്കാള്‍ വലുതായി.
അമ്മയും, ചിത്തിയും വന്നപ്പോ തൊട്ട് എന്തോ കൂശ് കൂശ് നു പേസിക്കിട്ടുറുക്ക് .
വാവയെ കാണാന്‍ ചെന്നപ്പോ ഉറക്കത്തിലാ. ഞങ്ങളോട് അപ്പുറത്ത് പോയി കളിക്കാന്‍ പറഞ്ഞു.
അത്തമാരും, മാമന്‍മാരും പിന്നെ അപ്പാവും, ചിത്തപ്പാവും എല്ലാം തോട്ടത്തില്‍ ആണെന്നാ ശങ്കരന്‍ പറഞ്ഞത്. അതെന്താ പൊറന്ത നാള്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ ആരും വേണ്ടേ!
അടുക്കളയിലെ അടക്കം പറച്ചിലിനിടയിലും അമ്മയുടെയും, ചിത്തിയുടെയും നോട്ടം ഇങ്ങോട്ടാ. ഒരു തക്കം കിട്ടിയപ്പോള്‍ ശങ്കരന്‍ എന്നെയും ചെമ്പകത്തെയും കൂട്ടി പുറത്തേക്ക് ഓടി. അക്ക മട്ടും അടുക്കളയിലെ മാട്ടിടിച്ച്. അക്കാവേ നോക്കി ഉള്ളില്‍ പോയാല്‍ ഞങ്ങളും പെട്ടത് തന്നെ.
---
കസേരയില്‍ താത്ത ചാരി കിടക്കുന്നുണ്ട്. പാട്ടി എരന്തപ്പൊ തൊട്ട് താത്ത ഇങ്ങനെ ആണ്. പാവത്തിനെ എന്തിനാ ഇങ്ങനെ ഇരുത്തിയിരിക്കുന്നെ, അകത്തു വന്നു കിടന്നൂടെ ! പൊറന്ത നാള്‍ ആയത് കൊണ്ടാവും !
തെങ്ങിന്‍ തോട്ടം ആയത് കൊണ്ട് നല്ല തണല്‍ ആണ് അവിടെ. അവര്‍ മാറാതെ കളിക്കാന്‍ പറ്റില്ല. അങ്ങോട്ട് പോവരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്. എന്നാലും താത്താവേ ഒന്നു വിഷ് കൂടെ പണ്ണലെ.
താത്ത കസേരയുടെ അടുത്തു ഇളനീര്‍ കുറെ കൂട്ടി ഇട്ടിട്ടുണ്ട്. എല്ലാം താത്ത ഒറ്റക്കാണ് കുടിക്കുന്നത്. തീരുമ്പോ തീരുമ്പോ ചിത്തപ്പ വെട്ടി കൊടുക്കുന്നുണ്ട്. പെരിയ അത്ത ആണ് കുടിപ്പിക്കുന്നത്. ഇത്ര കൊതിയനാണോ താത്ത !
കൊഞ്ചം കഴിഞ്ഞപ്പൊ ചിന്നത്ത നടന്നു വരുന്നത് കണ്ടു ഞങ്ങള്‍ ഓടി അടുക്കള വശത്ത് എത്തി. അത്തയും നേരെ അങ്ങോട്ടാണ് വന്നത്. ഞങ്ങളെ ചീത്ത പറയാൻ ആണെന്നു വിചാരിച്ചു ഞങ്ങള്‍ ഒളിച്ചു. അത്ത അകത്തുപോയി അമ്മയോടും, ചിത്തിയോടും എന്തോ പറഞ്ഞു ഒരു പാത്രത്തില്‍ എന്തോ എടുത്തു പുറത്തേക്ക് പോയി.
' എന്നാങ്കടി , എങ്കെ പോയിരുന്തേന്‍? കൊഞ്ചം നേരമാ ആരെയും പാക്കവേ ഇല്ലേ.? ' വല്ലി അക്ക ആണ്.
' ഇങ്ക താന്‍ അക്ക ഇരുന്തെ. മീനുക്ക് നേത്ത് പാത്ത പടത്തൂടെ കഥ സൊല്ലിട്ടിരുന്തേ ' അമ്പടി കള്ളി. ചെമ്പകം ആണ് ഉത്തരം കൊടുത്തത്.
'എന്ന അക്ക, അമ്മ എന്ന എടുത്തിട്ട് പോണേ?'
' എണ്ണേ '
' എണ്ണയാ? എതുക്ക്?' ശങ്കരന് മാത്രമല്ല, എനിക്കും ഉണ്ടാരുന്നു ആ സംശയം.
' താത്ത കുളിക്കറതുക്ക് '
സംശയം മാറാതെ നില്‍ക്കുമ്പോ അക്ക വിളിച്ചു.
' നമ്മ കുളത്തുക്ക് പോലാമ? എനക്ക് കൊഞ്ചം തൊവക്കണം. അങ്കെ പോയി പേസലാമേ. നീയും വാടാ ശങ്കരാ...'
അക്ക തുണിയെടുക്കാന്‍ ആണെന്ന് തോന്നുന്നു അകത്തേക്ക് പോയി. അപ്പോഴാണ് ഒരു കരച്ചില്‍ കേട്ടത്. ഒന്നല്ല, നിറയെ... അത്തമാരാണ്.
' മുടിഞ്ചിടിച്ച് ' അകത്ത് നിന്നു ചിത്തി കുറല്‍ .
' യേന്‍ ഡാ , എന്ന മുടിഞ്ചിടിച്ച്? ' ചെമ്പകത്തിന് സംശയം. എനിക്കും.
ശങ്കരന് സംശയമുള്ളതായി തോന്നിയില്ല.
'കുളി '
--- --- ---
- മനു
Thalaikoothal (Tamil: தலைக்கூத்தல்) is the traditional practice of senicide (killing of the elderly) or involuntary euthanasia, by their own family members, observed in some parts of Tamil Nadu state.
Typically, the person is made to drink glasses of tender coconut water and later given an extensive oil-bath, which results in kidney failure, high fever, fits, and death within a day or two.
Comments