ശ്വാസം
നവംബർ - സകല മരിച്ചവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന മാസം. രണ്ടാം തിയതി - ഇന്ന് ശവക്കോട്ടയിലാണ് കുർബ്ബാനയും മറ്റും.
സജ്ജീകരണങ്ങൾ പൂർത്തിയാക്കി, ഗായകസംഘം ആദ്യത്തെ പാട്ടിട്ടത് ശവക്കോട്ടയിലെ വലിയ സ്പീക്കറിൽ കൂടി പുറത്തുവന്ന് ആ മഞ്ഞു മൂടിയ പുലർച്ചയുടെ ശാന്തതയെ ഹനിച്ചുക്കൊണ്ട് പരിസരമാകെ അലയടിച്ചു.
മുണ്ട് കരയൊപ്പിച്ച് എടുത്തുകൊണ്ടിരുന്ന സെബാസ്റ്റ്യൻ മാഷ് അതുകേട്ട് ഒന്ന് ഞെട്ടി, ശേഷം തുരുമ്പ് മുഖം കാണിച്ചു തുടങ്ങിയ പഴയ ഗോദ്രേജ് അലമാരയുടെ കണ്ണാടിയിൽ സ്വയം നോക്കി ഒന്ന് വിലയിരുത്തി.
ട്രിം ചെയ്ത മീശ ചുണ്ടോടു ചേരുന്നിടത്ത് ഒന്ന് തടവി, അതിൻ്റെ കൃത്യത ഉറപ്പ് വരുത്തി, ശേഷം പതിയെ നടയിലെ മുറിയിലേക്ക് കടന്നു.
' പഴയപോലെ ആറരയ്ക്ക് തന്നെ മതിയാരുന്നു കുർബ്ബാന.. ഈ മഞ്ഞത്ത്, കണ്ണും കാണാതെ ഇത്ര നേരത്തെ... പുതിയ അച്ഛൻ്റെ ഓരോ പരിഷ്കാരം ' മാഷ് സ്വയം പിറുപിറുത്തു.
വരാന്തയുടെ മുഴുവൻ നീളത്തിലും പോയിരുന്ന നേരിയ തുരുമ്പ് കയറിയ വെള്ള അഴികളിൽ നിന്ന് പഴയ കാലൻ കുടയും, കയ്യിൽ ഒരു എലുമ്പൻ മെഴുതിരിയുമായി മാഷ് പുറത്തു കടന്നു. വാതിൽ ചേർത്ത് അടച്ചു പൂട്ടി.
മുണ്ടിൻ്റെ തുമ്പ് ചേർത്ത് പിടിച്ച ഇടത്തെ കൈതണ്ടയിൽ കുട തൂക്കി, തിരിയും താക്കോലും മാഷ് ഷർട്ടിൻ്റെ പോക്കറ്റിലാക്കി. ശേഷം കുട വലത്തെ കൈയ്യിലെടുത്ത് പടിയിൽ കിടന്ന ബാറ്റയിൽ ചവിട്ടിക്കൊണ്ട് തന്നെ അതിനുള്ളിൽ കടന്നു പറ്റി.
പടിക്കൽ എത്തി ഇടതുവശത്ത് നിൽകുന്ന റോസിൽ നിന്ന് സസൂക്ഷ്മം നോക്കി ഏറ്റവും മനോഹരമായ ഒരു വെള്ള റോസാപ്പൂ ശ്രദ്ധാപൂർവ്വം പറിച്ചെടുത്ത് ഇടത്തെ കൈയിൽ മുണ്ടിൻ്റെ തലയോടൊപ്പം ചേർത്ത് പിടിച്ചു മാഷ് വാച്ചിൽ സമയം നോക്കി. ദ്രുതഗതിയിൽ പള്ളി ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.
വലത്തെ കാലിൻ്റെ കണ്ണിയിൽ നേരിയ നീരുണ്ട് കഴിഞ്ഞ രണ്ടു ദിവസമായി. ഇന്ന് അത് സ്വല്പം കൂടുതൽ അല്ലേയെന്ന് പതിവു വേഗത്തിൽ നടത്തം മുന്നേറാത്തതിനാൽ മാഷ് ചിന്തിക്കാതിരുന്നില്ല. ചെരുപ്പിൽ ആ ഭാഗത്ത് നേരിയ ഇറുക്കം.
" മാർത്ത പറഞ്ഞു : അന്ത്യദിനത്തിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുനേൽക്കുമെന്ന് എനിക്കറിയാം..... "
' ഔ... അഞ്ച് മിനിറ്റൊണ്ട് സുവിശേഷം പകുത്യായി ' മാഷ് മനസ്സിലോർത്തു.
ആളുകൾക്കിടയിലൂടെ ചെറിയ ജാള്യതയോടെ വലത്തെ കാൽ ചെറുതായി വലിച്ച് വേച്ച് സെബാസ്റ്റ്യൻ മാഷ് നടന്ന് ഭാര്യ ക്ലാരയുടെ കല്ലറക്ക് അടുത്തെത്തി.
തണ്ടിന് നടുക്ക് വിരലുകൾക്കിടയിലിരുന്ന് ക്ഷതം സംഭവിച്ച ആ വെള്ള റോസാപ്പൂ , തലക്കലെ കുരിശിൽ താങ്ങി, കുനിഞ്ഞ് കൃത്യത നോക്കി പേരിനു താഴെ - ക്ലാരക്കും, സെബാസ്റ്റ്യനും നടുക്കായി മാഷ് വെച്ചു.
വീണ്ടും കുരിശിൽ താങ്ങി ഒന്ന് നിവർന്ന് നടു പിന്നിലേക്ക് വളച്ച് ശ്വാസം എടുത്തു. കൈയിലെ കുട കുരിശിൽ ചാരി വെച്ചു.
ശാന്തത കൈവരിച്ച് ശ്രദ്ധ അച്ഛൻ പറയുന്നതിലേക്ക് തിരിച്ചു. പ്രസംഗം ആണ്. എത്ര നവംബർ രണ്ടുകളിൽ, എത്ര അച്ഛന്മാർ പറയുന്ന പ്രസംഗങ്ങൾ കേട്ട സെബാസ്റ്റ്യൻ മാഷിന് അതിൽ വലിയ പുതുമ തോനാഞ്ഞതിൽ തെറ്റ് പറയാനില്ല.
ജനം പതിയെ പലയിടത്തായി ശവക്കോട്ടയിൽ ഉയർന്നു നിന്ന കോൺക്രീറ്റ് തിട്ടകളിൽ സ്ഥാനം ഉറപ്പിച്ചു. മാഷ് ചുറ്റും നോക്കി. കല്ലറകൾ മാത്രം. സ്വല്പമെങ്കിലും ഉയരമുള്ളത് പല്ലൻ വർഗ്ഗീസേട്ടൻ്റെ മാർബിളിട്ട കല്ലറക്കാണ്. അതിൽ പുള്ളിടെ പേരക്കുട്ടി ആണെന്ന് തോന്നുന്നു, തല കയ്യിൽ താങ്ങി കുനിഞ്ഞിരുന്നു ഉറങ്ങുന്നു.
ഉള്ളിലെ നിരാശ മുഖത്ത് കാണിക്കാതെ മാഷ് വീണ്ടും അച്ഛനെ നോക്കി.. കത്തിക്കയറാണ്... തല കാര്യമായി തിരിക്കാതെ വീണ്ടും ചുറ്റും നോക്കി. പകുതി കളി കഴിഞ്ഞ ചെസ്സ് ബോർഡിലെ കരുക്കൾ പോലെ ഒറ്റക്കും തെറ്റക്കും കുറച്ചുപേർ മാത്രം.. അതും ചെരിഞ്ഞും, വളഞ്ഞും ശവക്കോട്ടയിൽ അവിടവിടെ നിലകൊണ്ടു.
പ്രസംഗം കഴിഞ്ഞതോടെ ഇരിപ്പുറപ്പിച്ചിരുന്നവർ തിരിച്ച് സ്വന്തപ്പെട്ടവരുടെ കുഴിമാടങ്ങൾക്കരികിലേക്ക് നീങ്ങി സ്ഥാനം ഉറപ്പിച്ചു. കുർബ്ബാന പൂർവ്വാധികം വേഗത്തിൽ മുന്നോട്ട് പോയി.
കുർബ്ബാന തീരാറായപ്പോഴേക്ക് നേരം പുലർന്നു. വെളിച്ചം കടന്നുവരികയും, അത്രനേരം പ്രകാശം തന്നിരുന്ന റ്റ്യൂബ് ലൈറ്റുകൾ അനാവശ്യമാണെന്ന് തോന്നിക്കുകയും ചെയ്തു. പടിഞ്ഞാറ് വശത്തെ മാവിൽ നിന്ന് പറന്ന കാക്കകൾ ശവക്കോട്ടയുടെ ആകാശത്ത് പലയിടത്തായി കാണപ്പെട്ടു.
അപ്പോഴാണ് ഗൾഫ് ഡേവിയുടെ കല്ലറയിൽ ഒരു വമ്പൻ ബൊക്കെ മാഷുടെ കണ്ണിൽ പെട്ടത്. ആ ചെക്കനെ എട്ടിലും, ഒമ്പതിലും മാഷ് പഠിപ്പിച്ചതാ, അവൻ പഠിച്ചില്ല എന്നത് വേറെ കാര്യം.. മുപ്പത്തിയെട്ടിലാ അവൻ പോയത് എന്നോർത്തപ്പോ മാഷിൻ്റെ വൃദ്ധ മനസ്സ് ആകുലപ്പെടാതിരുന്നില്ല.
എന്നാൽ അതിനേക്കാളേറെ ആ ബൊക്കെക്ക് അരികിൽ, കല്ലറയിലെ തളം കെട്ടി നിന്ന വെള്ളത്തിൽ നടന്ന് അലകൾ തീർത്തിരുന്ന ഒരു ഈച്ചയിലായിരുന്നു മാഷിൻ്റെ കൂടുതൽ ശ്രദ്ധ.
കുർബ്ബാന തീർന്ന് വലിയ ഒപ്പീസ് ആരംഭിച്ചപ്പോൾ, അത്രനേരം ശരീരഭാരം താങ്ങുന്ന കാലിലും, ഈച്ചയിലും മറ്റും ശ്രദ്ധ പതറിയിരുന്ന സെബാസ്റ്റ്യൻ മാഷ് പെട്ടെന്ന് തെളിഞ്ഞ മനസ്സോടെ മരിച്ചവരെപ്പറ്റി ചിന്തിച്ചു. ക്ലാരയും, അപ്പച്ചനും, അമ്മച്ചിയും എല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു.
ഹന്നാൻ വെള്ളവും, കുന്തുരുക്കപ്പുകയും ഒന്നും അയാളെ ആ ചിന്തകളിൽ നിന്ന് ഉണർത്തിയില്ല.
നേരിയ തണുപ്പ് മാറാത്ത ആ പ്രഭാതത്തിലും മാഷിൻ്റെ നെറ്റിത്തടത്തിലും , കഴുത്തിലും വിയർപ്പ് പൊടിയാൻ തുടങ്ങി. തൻ്റെ ചുറ്റിലും നിന്ന് വായു ആരോ വലിച്ചെടുക്കുന്നത് പോലെ മാഷിന് അനുഭവപ്പെട്ടു. അത് അയാളെ ചിന്തകളിൽ നിന്ന് തിരിച്ച് ശവക്കോട്ടയിലെ വർത്തമാനത്തിലേക്കെത്തിച്ചു.
പുഴുക്കം.. ഉള്ളംകൈ വരെ വിയർക്കുന്നു... കൈ ബലംവെച്ച് ചുരുങ്ങാൻ തുടങ്ങുന്നു... മാഷ് കുരിശിലെ താങ്ങിന് ബലം കൂട്ടി..
" മങ്ങിയൊരന്തി വെളിച്ചത്തിൽ
ചെന്തീ പോലൊരു മാലാഖ...
വിണ്ണിൽ നിന്നെൻ മരണത്തിൻ
സന്ദേശവുമായി വന്നരികിൽ... "
അതുവരെ വ്യക്തത തോന്നാതിരുന്ന സ്പീക്കറിൻ്റെ ഒച്ച കാതുകളിൽ തുളഞ്ഞു കയറി.. മാഷിന് കണ്ണിൽ വെളിച്ചം വന്ന് നിറയുന്നതായി തോന്നി. ഞൊടികൾക്ക് നിമിഷത്തിൻ്റെ, നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം...
നെഞ്ചിനു താഴെ അടക്കിപ്പിടിച്ച പോലെ ഒരു വേദന. അതെ, ഇടതുവശത്ത് തന്നെ... കൈ നെഞ്ചോട് ചേർത്തപ്പോൾ കീശയിലെ മെഴുതിരി തടഞ്ഞു.. അവസാനമായി ഇതൊന്ന് കത്തിക്കാനും കഴിഞ്ഞില്ല...
നേരിയ കാറ്റടിച്ചു, മുഖത്ത് പറ്റി നിന്ന വിയർപ്പുകണങ്ങളിൽ നേരിയ കുളിരനുഭവപ്പെട്ടു. അറിയാതെ മാഷിൻ്റെ കണ്ണ് ഈറനണിഞ്ഞു.
സെബാസ്റ്റ്യൻ മാഷ് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. നെഞ്ചിന് താഴെ തങ്ങിനിന്ന വേദന അറിഞ്ഞുകൊണ്ട് തന്നെ മാഷ് മന്ദഹസിച്ചു, മനസ്സ് കൊണ്ട്...
ഈ തലമുറയും, വരും തലമുറകളും, ഇനി വരുന്ന എല്ലാ നവംബർ രണ്ടുകളും, ഈ ശവക്കോട്ടയും എന്നും എന്നെ ഓർക്കും. മരിച്ചവരുടെ ഓരോ കുർബ്ബാനയും, ഒപ്പീസും സെബാസ്റ്റ്യൻ മാഷിനെ സ്മരിക്കും.
പെട്ടെന്നത് സംഭവിച്ചു. കുരിശിലെ താങ്ങിൽ മുറുക്കി മാഷ് സ്വല്പം കുനിഞ്ഞു...
നിശബ്ദതയിൽ സകലരുടെയും ശ്രദ്ധയാകർഷിച്ചുക്കൊണ്ട് ; കുന്തുരുക്കത്തിൻ്റെയും, ചന്തനത്തിരികളുടെയും സുഗന്ധം തങ്ങിനിന്ന അന്തരീക്ഷത്തിൻ്റെ മാറ് പിളർത്തിക്കൊണ്ട് , മാഷിൻ്റെ നെഞ്ചിലെ വേദനയെ അപ്രത്യക്ഷമാക്കികൊണ്ട് ഒരു കീഴ്ശ്വാസം.
" അസ്ഥിരമാണീ ഭുവനവുമതിലെ
ജഡികാശകളും..
നീർപ്പോളകൾ പോൽ എല്ലാമെല്ലാം
മാഞ്ഞലിയുന്നു... "
ഓപ്പീസ് തീരാൻ കാത്തുനിന്നില്ല..
പിന്തുടരുന്ന കണ്ണുകളെ കണ്ടില്ലെന്ന് സ്വയം വരുത്തി, വലത്തെ കാൽ വലിച്ച് വേച്ച് സെബാസ്റ്റ്യൻ മാഷ് കുടയുമായി പുറത്തേക്ക് നടന്നു നീങ്ങി...
- മനു
Comments