വർഷങ്ങൾ കുറച്ച് മുമ്പാണ്. അന്നത്തെ വലിയ പാർട്ടി കേന്ദ്രവും, വിപ്ലവ പാർട്ടി സംസ്ഥാനവും വാണരുളിയിരുന്ന കാലം. വരുന്ന തിരഞ്ഞെടുപ്പിനായി ഇരുകൂട്ടരും തകൃതിയായി രംഗത്തിറങ്ങിയിരുന്ന വേനൽക്കാലം. വലിയ പാർട്ടിയുടെ വെള്ള കൊടികളും, വിപ്ലവ പാർട്ടിയുടെ ചുവപ്പ് കൊടികളും ഗ്രാമത്തിൻ്റെ മുക്കും മൂലയും കൈയ്യടക്കിക്കഴിഞ്ഞു.
വിഷുക്കാലം അടുത്തതോടെ നാടുനീളെ കണിക്കൊന്നകൾ പൂവിട്ടു. പാർട്ടി കൊടികൾക്കിടയിൽ അവ തളിർത്തു തൂങ്ങിക്കിടന്നു. പള്ളിക്കൂടം അടച്ചതോടെ കുട്ടികളും ദിവസം മുഴുവൻ കവലയിലും, കടൽക്കരയിലും പൂഴിവാരിയെറിഞ്ഞ് ഓടി നടന്നു.
വേനൽ അതിൻ്റെ മൂർദ്ധന്യത്തിലെത്തുകയും, രാവും പകലുമില്ലാതെ പൊടിപറത്തിക്കൊണ്ട് ചുടുകാറ്റ് വീശുകയും ചെയ്തുകൊണ്ടിരുന്നു. പലയിടത്തും പാർട്ടി കൊടികളും, അരങ്ങുകളും കാറ്റിൻ്റെ ക്ഷോഭത്തിനിരയായി.
അങ്ങനെ വിഷുവിന് രണ്ടുദിവസം മുമ്പ് വോട്ടിടൽ കഴിഞ്ഞു. ആ ദേശത്ത് അക്ഷരാഭ്യാസമുള്ള സകലരും പഠിച്ച പള്ളിക്കൂടത്തിൽ തന്നെയായിരുന്നു വോട്ടിടൽ. പാർട്ടി പ്രതിനിധികളും കൂട്ടത്തിൽ ' ഭാരതിയും ' , ' വിടലും ' എല്ലാം തീരുന്നത് വരെ അവിടെ ഉണ്ടായിരുന്നു.
സന്ധ്യക്ക് കവലയിൽ മമ്മദ് കാക്കയുടെ പലവ്യഞ്ജനക്കടയുടെ മുകളിൽ ചുവപ്പ് നിറത്തിൽ മതിലുകളുള്ള പാർട്ടി ആഫീസിൽ നിന്ന് പതിവുപോലെ വിടൽ പുറത്തുകടന്നു, നിരത്തിനപ്പുറത്ത് തയ്യൽ പരമുപിള്ളയുടെ കടയോടു ചേർന്നുള്ള വലിയ പാർട്ടിയുടെ ആഫീസിലേക്ക് നോക്കി നീട്ടിയൊരു ശൂളമടിച്ചു. ഭാരതി പുറത്ത് വരുകയും, നിമിഷനേരത്തെ കഥകളിക്ക് ശേഷം ഇരുവരും നിരത്തിലേക്കെത്തി വിടലിൻ്റെ സൈക്കിളിൽ കയറി പടിഞ്ഞാറ് ലക്ഷ്യമാക്കി നീങ്ങി.
ഒരു നാഴികയോളം ചവിട്ടി കടപ്പുറത്ത് കുങ്കുമം ആർട്ട്സ് ക്ലബ് ആണ് ലക്ഷ്യം. വൈകുന്നേരങ്ങളിൽ ബോർഡ് കളി അവിടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
___ ___ ___
അയൽക്കാരായ കൃഷ്ണസ്വാമിയുടെയും, തൊമ്മിക്കുഞ്ഞിൻ്റെയും മക്കളാണ് ഇരുവരും. ദക്ഷിണകർണാടകത്തിൽ നിന്ന് വന്ന് താമസമാക്കിയതാണ് സാമിയുടെ കുടുംബം. തമിഴ്നാട്ടിലേതോ മില്ലിൽ പണിയായിരുന്നു തൊമ്മിക്കുഞ്ഞിന്. ഇരുവരും നേരെകണ്ടാൽ മുഖം തിരിക്കുന്നത്ര സ്നേഹത്തിലാണ്. അതിന് കാരണങ്ങൾ പലതുണ്ടെങ്കിലും പ്രഥമദൃഷ്ട്യാ അത് രാഷ്ട്രീയവീക്ഷണങ്ങളിലെ ഭിന്നതയാണ്.
വലിയ പാർട്ടിയുടെ മുൻനിര അംഗങ്ങളിലൊരാളായിരുന്നു കൃഷ്ണസ്വാമി. പാർട്ടികളുടെ നൈസർഗികമായ ചില ചായ്‌വുകൾക്ക് പുറമെ ' ശ്രീ കൃഷ്ണവിലാസം ഉടുപ്പി ഹോട്ടലിൻ്റെ ' മുതലാളി എന്നതും ആ നിലയിലെത്താൻ സാമിക്ക് സഹായകമായി.
പ്രത്യേകിച്ച് രാഷ്ട്രീയബോധമില്ലാത്ത തൊമ്മിക്കുഞ്ഞ് നാട്ടിൽ ജോലിയൊന്നുമില്ലാതെയാണ് കോയമ്പത്തൂരിലേക്ക് വണ്ടി കയറിയത്. മില്ലിലെ ജോലിയുമായി തിരിച്ചെത്തിയതാകട്ടെ തികഞ്ഞ ഒരു സഖാവായും. നിരന്തരമുള്ള യാത്ര അയാളെ പാർട്ടി സന്ദേശവാഹകനുമാക്കി.
അങ്ങനെ സമപ്രായക്കാരായ രണ്ടു കുട്ടികൾ ഒരേ അയൽപ്പക്കത്തിൽ രാഷ്ട്രീയ ഭിന്നതയുടെ ഇരകളായി.
ആശാൻ പള്ളിക്കൂടത്തിൽ പേര് ചേർത്താൻ ചെന്ന സാമി, വലിയ പാർട്ടിയുടെ നേതാവുകൂടിയായ പോ ഹെഡ്മാസ്റ്റർ മേനോനെ പ്രീതിപ്പെടുത്താനോ, അതോ കപട ദേശസ്നേഹമോ ' ഭരതൻ ' എന്ന മകൻ്റെ പേര് ദീർഘിപ്പിച്ച് ' ഭാരതൻ ' എന്ന് ചേർത്തി.
അതുവരെ ' ചെക്കൻ ' എന്നുമാത്രം സംബോധന ചെയ്യപ്പെട്ടിരുന്ന തൊമ്മിക്കുഞ്ഞിൻ്റെ മകൻ അന്ന് ആ പള്ളിക്കൂടത്തിൽ വെച്ചു ' ഫിഡൽ ' എന്ന പേരും സ്വീകരിച്ചു. വൈകി വന്ന വിപ്ലവ സ്നേഹം !
കുസൃതിക്കൂട്ടങ്ങളുടെ കളിയാക്കലുകളിൽ ഒറ്റപ്പെട്ട ആ രണ്ടു ' വ്യത്യസ്ത ' നാമധേയർ രാഷ്ട്രീയ ഭിന്നത മറന്ന് സുഹൃത്തുക്കളായി. ' ഭാരതൻ ' പിന്നീട് ഭാരതിയും, ' ഫിഡൽ ' വിടലുമായി രൂപാന്തരപ്പെട്ടു.
പത്തിൽ പഠനം നിർത്തിയ ഇരുവരും ജോലിയും അതിനൊപ്പം പാർട്ടി അംഗത്വവും സ്വീകരിച്ചു. വലിയ പാർട്ടിയുടെ യുവനിരയിൽ ചേർന്ന ഭാരതി ശ്രീ കൃഷ്ണവിലാസത്തിൻ്റെ സാരഥ്യവും ഏറ്റെടുത്തു.
കൊപ്രാക്കളത്തിൽ കണക്കെഴുത്തായിരുന്നു വിടലിൻെറ ജോലി. വിപ്ലവ പാർട്ടിയുടെ ശക്തി തൊഴിലാളികളിലാണെന്ന് വ്യക്തമായ ധാരണയുള്ള അതിൻ്റെ അമരക്കാർ ഇരുകൈയ്യും നീട്ടി വിടലിനെ കൂടെ നിർത്തി.
കൊപ്രാക്കളത്തിലെ ജോലി കഴിഞ്ഞ് അഞ്ച് മണിയോടെ വിടൽ വീട്ടിലെത്തും, കുളിയും കഴിഞ്ഞു പാർട്ടി ഓഫീസിലേക്ക് സൈക്കിൾ നീട്ടി ചവിട്ടും. ശ്രീ കൃഷ്ണവിലാസത്തിലും മോണിംഗ് ഷിഫ്റ്റാണ് ഭാരതിക്ക്. രണ്ടരക്ക് കട അടച്ചാൽ അയാളും തിരിച്ച് വീട്ടിലെത്തും, ഉച്ച മയക്കം കഴിഞ്ഞു പാർട്ടി ഓഫീസിലേക്ക്. കവലയിൽ എത്തുന്നതിന് മുമ്പ് വഴിയിൽ കണ്ടുമുട്ടിയാൽ അയാൾ വിടലിനൊപ്പം സൈക്കിളിൽ ആക്കും യാത്ര.
___ ___ ___
തൊമ്മിക്കുഞ്ഞിൻ്റെ ഭാര്യ വളർത്തിയിരുന്ന ഒരു പൂവൻ കോഴിയുണ്ടായിരുന്നു. കഴിഞ്ഞ ഒരു ഈസ്റ്ററും, രണ്ട് ക്രിസ്മസും പാത്രത്തിലാവാതെ പുള്ളിക്കാരൻ എങ്ങനെയോ തടിതപ്പി. സ്ഥലകാല ബോധമില്ലാതെ രാത്രിയിലുടനീളം കൂവിയിരുന്ന അതിനെ ' പ്രാന്തൻ കോഴി ' എന്നായിരുന്നു സാമി വിളിച്ചിരുന്നത്. അവർ തമ്മിലുള്ള ഇഷ്ടക്കേടിന് ഇയ്യിടെയായി അതും ഒരു കാരണമാണ്.
മറ്റൊരു കാരണം കാലങ്ങളായി മുറ്റത്ത് അഴയിൽ തൂങ്ങിയാടുന്ന സാമിയുടെ ലങ്കോട്ടികളായിരുന്നു. വീട്ടുമുറ്റത്ത് നിന്ന് നേരെ നോക്കിയാൽ കാണുന്നത് അതാണെന്നാണ് തൊമ്മിക്കുഞ്ഞിൻ്റെ പരാതി.
വിഷുവും, അവധിയും പ്രമാണിച്ച് ഭാരതിയുടെ പെങ്ങളും, അരുമ സന്താനവും സാമിയുടെ വീട്ടിലുണ്ടായിരുന്നു. കുസൃതിക്കുടുക്കയായ ആ പയ്യൻ ആ വീട് തല കീഴാക്കിക്കൊണ്ടിരുന്നു. ഓട്ടവും, കളിയുമായി മുറ്റം മുഴുവൻ നടന്ന് അവന് പെട്ടെന്ന് മടുത്തു.
അവൻ ആരും കാണാതെ വിഷുപ്പടക്കങ്ങളിൽ ഒന്നെടുത്ത് മുറ്റത്ത് കൊണ്ടുവന്നു പൊട്ടിച്ചു. വേനൽക്കാറ്റിൽ അതിൽ നിന്നൊരു പൊരി തെറിച്ച് അഴയിൽ കിടന്നിരുന്ന സാമിയുടെ ലങ്കോട്ടിക്ക് തീ പിടിപ്പിച്ചു. ഒച്ച കേട്ട് ഞെട്ടിയ ' പ്രാന്തൻ കോഴി ' വേലിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ, പറക്കാനൊരു ശ്രമം നടത്തുകയും, അത് പരാജയപ്പെട്ടു സാമിയുടെ അഴയിൽ തട്ടി താഴെ വീഴുകയും ചെയ്തു.
മൂട്ടിൽ തീയിട്ടാൽ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ... കാലിൽ കുടുങ്ങിയ ലങ്കോട്ടിയുമായി പിന്നാലെ വരുന്ന തീയും തിരിഞ്ഞുനോക്കി പ്രാന്തൻ കോഴി പാഞ്ഞു. ചിറകടിച്ചും, വട്ടം കറങ്ങിയും അത് പല ശ്രമങ്ങളും നടത്തിയിട്ടും മൂട്ടിലെ തീയണയുന്നില്ല. അത് സാമിയുടെ വീടിന് പിന്നാമ്പുറവും കടന്നു പാഞ്ഞു. വരമ്പും കടന്ന് അടുത്ത പറമ്പിലേക്ക് ഉയർന്നു ചാടി.
കാറ്റിൽ അഴിഞ്ഞുവീണ ഒരു അരങ്ങിന് മുകളിലൂടെയുള്ള ആ ചാട്ടത്തിൽ ലങ്കോട്ടി അരങ്ങിൻ്റെ വള്ളിയിൽ കുടുങ്ങി. തല കീഴായി തൂങ്ങി കാലിലെ കുരുക്കഴിഞ്ഞ് പ്രാന്തൻ കോഴി നിലം പതിച്ചു. ആ വീഴ്‌ച്ചയിലും അവർണ്ണനീയമായ ഒരു സന്തോഷം പ്രാന്തൻ കോഴിയുടെ മുഖത്ത് മിന്നിമറഞ്ഞു.
വീണുകിടന്ന് മുകളിലേക്ക് നോക്കിയ പ്രാന്തൻ കോഴി അപ്പോഴാണ് ഒരു വിപ്ലവ പാർട്ടി അനുഭാവിയുടെ കോഴി എന്ന നിലയിൽ താൻ ചെയ്ത രാഷ്ട്രീയ അബദ്ധം തിരിച്ചറിഞ്ഞത്. വലിയ പാർട്ടിയുടെ വെള്ള അരങ്ങുകൾ അഗ്നിനാളങ്ങളും പേറി വെള്ളക്കൊടി ലക്ഷ്യമാക്കി നീങ്ങുന്നു.
___ ___ ___
ഡൈനാമോ വെട്ടത്തിൽ പതിവുപോലെ ബോർഡ് കളി കഴിഞ്ഞു തിരിച്ചുവരവെ ഭാരതിയും വിടലും കാണുന്നത് കൊടിമരങ്ങളുടെ മുകളിൽ വെള്ളയും, ചുവപ്പും കൊടികൾ മാറിമാറി നിന്ന് കത്തുന്നതാണ്. സൈക്കിളിൻ്റെ വേഗം കൂട്ടി ഇരുവരും കവലയിലെത്തുമ്പോൾ നിരത്തിനിരുവശവും പാർട്ടി ഓഫീസുകളിൽ വെട്ടവും, അതിന് ചുറ്റുമായി ആ ദേശം മുഴുവനും അണിനിരന്നിരുന്നു.
പലർക്കും പരിക്കുകളുണ്ട്. വഴിയിൽ പലയിടത്തും കല്ലുകളും, കമ്പി, വടികൾ എന്നിവയും ചിതറിക്കിടന്നു. നിരത്തിനു നടുവിലായി പാർട്ടി നേതാക്കളും, സാമിയും തൊമ്മിക്കുഞ്ഞും നിലയുറപ്പച്ചിരുന്നു. തങ്ങൾ മാറിനിന്ന ഏതാനും മണിക്കൂറുകളിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഭാരതിയും വിടലും പരസ്പരം നോക്കി.
തികച്ചും പ്രകോപനപരവും, രാഷ്ട്രീയ പ്രേരിതവുമാണ് ഈ ആക്രമണമെന്നും, കോഴിയുടെ ഉടമസ്ഥനായ തൊമ്മി ഇതിന് സമാധാനം പറഞ്ഞേ തീരൂ എന്നുമായിരുന്നു വലിയ പാർട്ടിക്കാരുടെ ആവശ്യം.
എന്നാൽ പടക്കം പൊട്ടിച്ചതും, ലങ്കോട്ടിക്കു തീ പിടിപ്പിച്ചതും സാമി ആണെന്നും, തൻ്റെ പാവം കോഴിയെ ഇരയാക്കുകയുമാണെന്നായിരുന്നു തൊമ്മിക്കുഞ്ഞിൻ്റെയും ഭാര്യയുടെയും പക്ഷം. തനിക്കുവേണ്ടി വാദിക്കുന്ന ആ ഉടമസ്ഥർ, പ്രാന്തൻ കോഴിയുടെ മിഴികൾ ഈറനണിയിച്ചു.
പൊലീസിൻ്റെയും, പാർട്ടികളുടെ ഉയർന്ന നേതാക്കളുടെയും സാനിധ്യത്തിൽ ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ പുലരാറായപ്പോൾ തീരുമാനങ്ങൾ എടുക്കപ്പെട്ടു.
___ ___ ___
അനിഷ്ട സംഭവത്തിൽ ഇരു പാർട്ടികളും ഖേദം രേഖപ്പെടുത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ താഴെപ്പറയുന്ന വസ്തുക്കൾ ദേശവാസികൾ കൈവശം വയ്ക്കുന്നത് വിലക്കിയിരുന്നു.
1. പറക്കുന്നതും/നടക്കുന്നതുമായ ജന്തുക്കൾ
2. സ്ഫോടകശേഷിയുള്ള വസ്തുക്കൾ
3. ലങ്കോട്ടികൾ
ഫലം വന്നു. വലിയ പാർട്ടി നാട്ടിലും വിജയിച്ചു. വിജയാഘോഷത്തിൻ്റെ ഭാഗമായി പൊട്ടിയ പടക്കങ്ങൾ പ്രാന്തൻ കോഴിയെയും, കൂടെ മറ്റു ജീവികളെയും പള്ളിക്കൂടത്തിനകത്ത് ഏതാനും ലങ്കോട്ടികളാൽ മൂടിയ കൂടുകളിൽ ഞെട്ടിച്ചു.
മറ്റൊരു ഉയിർപ്പുഞായറിൽ നിന്ന് കൂടി പ്രാന്തൻ കോഴി രക്ഷപ്പെട്ടു, മറ്റു പലരെയും രക്ഷിച്ചു.
അവഹേളനത്തിൽ മനംനൊന്ത് സാമി ലങ്കോട്ടി ഉപേക്ഷിച്ച് കളസത്തിലേക്ക് മാറി, ശ്രീ കൃഷ്ണവിലാസത്തിലും വീട്ടിലുമായി ഒതുങ്ങി . പ്രതിസന്ധി ഘട്ടത്തിൽ വേണ്ട വിധം പിന്തുണച്ചില്ല എന്ന കാരണത്താൽ തൊമ്മിക്കുഞ്ഞിൻ്റെ വിപ്ലവീര്യം കുറഞ്ഞു.
വ്യത്യസ്ത നാമധേയർ സൈക്കിൾ സവാരിയും, ബോർഡ് കളിയുമായി സൗഹൃദം തുടർന്നു.
Comments